തിരുവനന്തപുരം: ചട്ടപ്രകാരമല്ലാതെ വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിനെ തുടർന്ന് 19 പേർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാല് ആഴ്ചയ്ക്കകം വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്ന ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവിന് പിന്നാലെയായിരുന്നു നടപടി. മേയർ വി.വി. രാജേഷ് കൗൺസിലർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കാപ്പ കേസിൽ ജയിലിലുള്ള കൗൺസിലർ ആർ. സുഗതൻ ഒഴികെയുള്ളവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം കൗൺസിലർമാർ ‘ദൈവനാമത്തിലോ’ അല്ലെങ്കിൽ ‘ദൃഢപ്രതിജ്ഞയോ’ ആണ് ചെയ്യേണ്ടതെന്നും, അല്ലാതെ ദൈവങ്ങളുടെ പേര് വിപുലീകരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

നേരത്തെ ബിജെപി അംഗങ്ങൾ ആറ്റുകാലമ്മ, ശ്രീപത്മനാഭസ്വാമി, ഗുരുദേവൻ, ഭാരതാംബ തുടങ്ങിയ പേരുകളിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ഇതിനെതിരെ എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക് നൽകിയ ഹർജിയിലാണ് കോടതി വിധി. അതേസമയം, ഹൈക്കോടതി നിബന്ധനകൾ പാലിക്കാതെയാണ് ഇപ്പോഴത്തെ പുനഃസത്യപ്രതിജ്ഞയെന്ന് ആരോപിച്ച് എൽഡിഎഫ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകുകയും ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *