അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50-ാം വർഷത്തിൽ, ചരിത്രത്തിലാദ്യമായി എൻസിഇആർടി പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി. ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായി ഈ കാലഘട്ടത്തെ ചിത്രീകരിച്ചിരിക്കുന്നത്.
പൗരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതും മാധ്യമ സെൻസർഷിപ്പും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന പ്രതിരോധങ്ങളും പാഠഭാഗത്ത് വിവരിക്കുന്നു. അതേസമയം, ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയെ ഭരണഘടനയ്ക്കെതിരായ ആക്രമണമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അതിനെതിരെ പോരാടിയവർക്ക് ആദരമർപ്പിച്ചു.

