കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെക്കാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് നടി അൻസിബ ഹസൻ. അതിജീവിത ഉൾപ്പെടെ ഒരു സ്ത്രീക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയോ പരിഗണനയോ ലഭിക്കില്ലെന്ന ഉറച്ച വിശ്വാസമാണ് തന്റെ രാജിക്ക് പിന്നിലെന്ന് അൻസിബ വ്യക്തമാക്കി.
രാജിവിവരം അറിയിച്ചപ്പോൾ സംഘടനയുടെ പ്രസിഡന്റ് മറുപടിയായി അയച്ചത് കണ്ണുതള്ളുന്ന ഒരു ഇമോജി മാത്രമായിരുന്നുവെന്നും താരം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും നേതൃത്വത്തിന്റെ നിലപാടുകൾ വേദനാജനകമാണ്. വിയോജിപ്പുകൾ തുറന്നുപറയുന്നവരെ വ്യക്തിപരമായി ആക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്. തനിക്കെതിരെ അവിഹിതകഥകൾ പ്രചരിപ്പിച്ചതും വർഗ്ഗീയവാദിയാക്കാൻ ശ്രമിച്ചതും സംഘടനയിലെ ചിലർ തന്നെയാണ്.
ഇതിനെതിരെ തെളിവുസഹിതം പരാതി നൽകിയിട്ടും പ്രസിഡന്റ് അടക്കമുള്ളവർ അവഗണിച്ചു. മുൻപ് ഐ.എഫ്.എഫ്.കെ ഡിന്നർ പാർട്ടിയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ ഒരു സ്ത്രീക്കെതിരെ (സെക്രട്ടറി) നടന്ന ഹീനമായ അധിക്ഷേപത്തെ ചോദ്യം ചെയ്തത് മുതലാണ് തനിക്കെതിരെ നീക്കങ്ങൾ ശക്തമായതെന്നും ഏകകണ്ഠമായി ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ചിലരെ ചൊടിപ്പിച്ചിരുന്നതായും അൻസിബ കൂട്ടിച്ചേർത്തു.

