പെരുമ്പാവൂർ: കേരളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയിൽ വിപണിയിൽ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ (39) എറണാകുളം റൂറൽ പോലീസിന്റെ ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തു.മാറമ്പള്ളിയിൽ വെച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയുഷ് സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഒളിപ്പിച്ച നിലയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിലെ ഫ്ലാറ്റിൽ സൂക്ഷിച്ച 16.5 കിലോ കഞ്ചാവുകൂടി പിടിച്ചെടുത്തത്. യാതൊരു രേഖകളും നൽകാതെ ആറു ദിവസം മുൻപാണ് ഇയാൾ ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. വിദേശത്തുനിന്ന് എത്തിച്ച ഈ ലഹരിക്കടത്തിന് പിന്നിൽ വലിയൊരു ശൃംഖല തന്നെയുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *