27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവുകൾ ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പൗരത്വ നിർണയത്തിൽ നീതിപൂർവമായ നടപടിക്രമങ്ങൾ വേണമെന്ന് വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പഴയ വോട്ടേഴ്സ് ലിസ്റ്റുകളിലെ അക്ഷരത്തെറ്റുകളും ചെറിയ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി വിദേശികളായി മുദ്രകുത്തപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്.
പൗരത്വം ഭരണഘടനാപരമായി വലിയ പ്രാധാന്യമുള്ള കാര്യമാണെന്നും നടപടിക്രമങ്ങളിലെ നീതി ബലികഴിക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി, ഈ കേസുകൾ പുതിയ വാദത്തിനായി ട്രൈബ്യൂണലുകളിലേക്ക് തിരിച്ചയച്ചു. ട്രൈബ്യൂണലുകൾ വീണ്ടും കേസ് കേട്ട് തീർപ്പാക്കുന്നതുവരെ ഈ 27 പേർക്കെതിരെ യാതൊരുവിധ കർശന നടപടികളും സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്

