മനാമ/കുവൈത്ത് സിറ്റി: യുഎസുമായുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. കുവൈത്തിൽ ആക്രമണത്തെത്തുടർന്നുണ്ടായ വൻ തീപിടിത്തം ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആളപായമില്ലെന്നും ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി.

തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മൂന്ന് ഇറാനിയൻ മിസൈലുകൾ വെടിവച്ചിട്ടതായി ജോർദാൻ സായുധ സേന അറിയിച്ചു. അതിനിടെ, ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും ഇന്ധന സംഭരണശാലകളും തകർത്തതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു.

മേഖലയിലെ എണ്ണ-വാതക കയറ്റുമതി തടയാനാണ് യുഎസ് ശ്രമിക്കുന്നതെങ്കിൽ മറ്റ് കയറ്റുമതി റൂട്ടുകൾ അടച്ചുപൂട്ടുമെന്നും, ഊർജ വിതരണം എല്ലാവർക്കും ലഭ്യമാകുകയോ അല്ലെങ്കിൽ ആർക്കും ലഭിക്കാതിരിക്കുകയോ ചെയ്യുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *