കുവൈത്ത് സിറ്റി∙ യുഎസുമായുള്ള സൈനിക ഏറ്റുമുട്ടലിനിടെ കുവൈത്തിനു നേരെ ഇറാൻ നടത്തിയ വൻ വ്യോമാക്രമണത്തിൽ നാവികസേനാ കപ്പൽ തകരുകയും നാല് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ബാലിസ്റ്റിക് മിസൈൽ, അഞ്ച് ക്രൂസ് മിസൈലുകൾ, സ്ഫോടകവസ്തുക്കൾ നിറച്ച 33 ഡ്രോണുകൾ എന്നിവയുൾപ്പെടെ ജനവാസ മേഖലകളെയും സുപ്രധാന കൺട്രോൾ സെന്ററുകളെയും ലക്ഷ്യമിട്ടെത്തിയ ആക്രമണ പരമ്പരയെ തങ്ങളുടെ വ്യോമപ്രതിരോധ സേന വിജയകരമായി വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മിസൈലുകളും ഡ്രോണുകളും ആകാശത്തുവച്ച് തന്നെ തകർത്തതിനെ തുടർന്ന് ഇവയുടെ അവശിഷ്ടങ്ങൾ ജനവാസമേഖലകളിലും വ്യാവസായിക കേന്ദ്രങ്ങളിലും പതിച്ചാണ് നാശനഷ്ടങ്ങളുണ്ടായത്.

കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ പരുക്കേറ്റ നാല് നാവികസേനാംഗങ്ങളെയും അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയതായും ഇവരുടെ നില നിലവിൽ തൃപ്തികരമാണെന്നും വക്താവ് കേണൽ സൗദ് അൽ അത്വാൻ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് അതീവ ജാഗ്രതയിലാണെന്നും വ്യോമ-നാവിക അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *