മനാമ: ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് അനുകൂലമായി വിഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം പക്ഷപാതപരമായി ഇടപെടുന്നുവെന്ന ആരോപണം ഫുട്ബോൾ ലോകത്ത് ശക്തമാകുന്നു. ‘നോർത്ത് ഈസ്റ്റേൺ ഗ്ലോബൽ ന്യൂസ്’ സമാഹരിച്ച ഡാറ്റ പ്രകാരം, വാറിൽ നിന്ന് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിച്ച ടീമുകളിൽ അർജന്റീന രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടവും പ്രീക്വാർട്ടറും വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 100 ഫൗളുകളിൽ മെക്സിക്കോയ്ക്ക് അനുകൂലമായി 7.8 തീരുമാനങ്ങൾ വന്നപ്പോൾ അർജന്റീനയ്ക്ക് ഇത് 6.7 ആണ്. എന്നാൽ അർജന്റീനയ്ക്ക് എതിരായി ഒരു തവണ പോലും വാർ തീരുമാനങ്ങൾ വന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം.
പോർച്ചുഗൽ, ന്യൂസിലൻഡ്, സൗദി അറേബ്യ എന്നിവരാണ് പട്ടികയിൽ മുന്നിലുള്ള മറ്റ് ടീമുകൾ. അതേസമയം, അർജന്റീനയുടെ സെമി ഫൈനൽ എതിരാളികളായ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾക്ക് വാർ തീരുമാനങ്ങൾ വലിയ തിരിച്ചടിയായിട്ടുണ്ട്പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെയും ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയും അർജന്റീന നേടിയ വിജയങ്ങൾക്ക് പിന്നാലെയാണ് റഫറിയിങ്ങിനെതിരെ കടുത്ത ആക്ഷേപമുയർന്നത്.
ഈജിപ്തിന്റെ രണ്ടാം ഗോൾ വാർ പരിശോധനയിലൂടെ റഫറി റദ്ദാക്കിയിരുന്നു. ക്വാർട്ടറിൽ സ്വിസ് സ്ട്രൈക്കർ ബ്രീൽ എംബോളോയ്ക്ക് ഡൈവിങ്ങിന്റെ പേരിൽ ചുവപ്പ് കാർഡ് നൽകിയതിനെതിരെ സ്വിസ് പരിശീലകൻ പരസ്യമായി രംഗത്തെത്തി. തങ്ങൾ കളിച്ചത് അർജന്റീനയോട് മാത്രമല്ലെന്നും റഫറിക്കും വാറിനും എതിരെ കൂടിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.
റഫറിയിങ് തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് ഫിഫ വ്യക്തമാക്കുന്നുണ്ടെങ്കിലും, അർജന്റീനൻ കളിക്കാർക്കെതിരെ കടുത്ത തീരുമാനങ്ങൾ ഉണ്ടാകാത്തത് ആരാധകർക്കിടയിലും വലിയ വാക്പോരിന് കാരണമായിട്ടുണ്ട്.

