കൊച്ചി: ദക്ഷിണേന്ത്യയെ ലഹരിമുക്തമാക്കാനായി കേരളം തുടക്കമിട്ട ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടി’ന് തമിഴ്‌നാട് സർക്കാരിന്റെ പൂർണ്ണ പിന്തുണ. ഇതിന്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊച്ചിയിലെത്തുമെന്നും നടൻ മോഹൻലാലിനൊപ്പം ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചെന്നൈയിൽ മുഖ്യമന്ത്രി വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരള-തമിഴ്‌നാട് അതിർത്തികൾ പൂർണ്ണമായും പോലീസ് നിരീക്ഷണത്തിലാക്കാനും ഇരുസംസ്ഥാനങ്ങളും ലഹരിക്കടത്ത് വിവരങ്ങൾ പരസ്പരം കൈമാറാനും യോഗത്തിൽ തീരുമാനമായി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെയും വിവിധ കേന്ദ്ര ഏജൻസികളുടെയും യോഗത്തിൽ പദ്ധതിക്കായി പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഈ സംയുക്ത സുരക്ഷാ മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച അയൽസംസ്ഥാന മുഖ്യമന്ത്രിമാർക്ക് ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *