ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള ചർച്ചകൾക്കായി പാകിസ്താനെ മധ്യസ്ഥനാക്കാൻ ഇറാൻ നീക്കം നടത്തുന്നു. ഇറാന്റെ ആഭ്യന്തരമന്ത്രി എസ്കന്ദർ മൊമേനി, പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ (GHQ) നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക ചർച്ചകൾ നടന്നത്.
ഇറാന്റെ പരമോന്നത നേതാവിൽ നിന്നുള്ള രഹസ്യസന്ദേശം കൈമാറിയ ഇറാനിയൻ പ്രതിനിധി, മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള പുതിയ മധ്യസ്ഥ ചട്ടക്കൂടിനെക്കുറിച്ച് സംസാരിച്ചതായി പാക് സുരക്ഷാവൃത്തങ്ങൾ വെളിപ്പെടുത്തി.തുടർനടപടികളുടെ ഭാഗമായി പാക് സൈനിക മേധാവി ഉടൻ തന്നെ സൗദി അറേബ്യയും അമേരിക്കയും സന്ദർശിച്ച് ഇറാന്റെ നിലപാടുകൾ അറിയിക്കുമെന്നാണ് സൂചന.
‘ഇസ്ലാമാബാദ് ധാരണാപത്രത്തിലെ’ പാകിസ്താന്റെ പങ്കിനെ പ്രശംസിച്ച ഇറാൻ ഉദ്യോഗസ്ഥർ, രാജ്യത്തെ ‘സമാധാനത്തിന്റെ നങ്കൂരം’ എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, ആഭ്യന്തര തലത്തിലെ തീവ്രവാദ ആക്രമണങ്ങളും സാമ്പത്തിക പ്രതിസന്ധികളും പാകിസ്താന് വലിയ വെല്ലുവിളിയായി തുടരുമ്പോഴാണ് അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ ഈ നിർണായക നീക്കം നടക്കുന്നത്.

