സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനും രാജ്യാന്തര കപ്പൽ പാത സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം രൂപീകരിക്കുന്നു. സൗദി പ്രതിരോധ മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ 43 രാജ്യങ്ങളിലെ സൈനിക മേധാവികളും യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പങ്കെടുത്തു. ചെങ്കടൽ, ബാബ് അൽമന്ദബ് കടലിടുക്ക്, ഏഡൻ ഉൾക്കടൽ തുടങ്ങിയ തന്ത്രപ്രധാനമേഖലകളിലെ വാണിജ്യ കപ്പലുകൾക്കും ഊർജ ടാങ്കറുകൾക്കും നേരെയുള്ള ഭീഷണികൾ നേരിടുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം.
സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പ്രതിരോധ കൂട്ടായ്മയ്ക്ക് കുവൈത്ത്, ബഹ്റൈൻ, ഖത്തർ, പാക്കിസ്ഥാൻ, ഈജിപ്ത്, തുർക്കി തുടങ്ങി 14 രാജ്യങ്ങൾ ഇതിനകം സംയുക്ത പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക-നിയമ നടപടികൾ പൂർത്തിയാകുന്നതോടെ സഖ്യം ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.

