കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DR Congo) എബോള വ്യാപനത്തിൽ മരണസംഖ്യ 1700 കടന്നു. രോഗബാധയുടെ ബൂൻഡിബുഗ്യോ (Bundibugyo) വകഭേദം മൂലം ഇതിനകം 1,707 പേർ മരണപ്പെടുകയും 3,802 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി.
അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ലാത്ത ഈ വകഭേദം ചരിത്രത്തിലെ രണ്ടാമത്തെ വലിയ എബോള വ്യാപനത്തിനാണ് വഴിവെച്ചിരിക്കുന്നത്. രോഗബാധയുള്ള കിഴക്കൻ പ്രവിശ്യയായ ഇത്തൂരിയിലാണ് 90 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സമ്പർക്കപ്പട്ടികയിലുള്ള 17,000-ലേറെ പേരെ നിരീക്ഷിച്ചു വരികയാണെന്നും സായുധ ആക്രമണങ്ങളും ലക്ഷണങ്ങൾ വൈകി റിപ്പോർട്ട് ചെയ്യുന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

