ന്യൂഡൽഹി: വി.ഡി. സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയെടുത്തിരുന്ന ക്രിമിനൽ കേസും ലഖ്നൗ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസും സുപ്രീം കോടതി റദ്ദാക്കി.
കേസിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ആവശ്യമായ അനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 153-എ, 505 വകുപ്പുകൾ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി.
2022 നവംബറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സവർക്കർ ബ്രിട്ടീഷുകാരുടെ സഹായിയായിരുന്നുവെന്ന് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് ലഖ്നൗ കോടതിയിൽ പരാതി നൽകിയത്. മുൻപ് അലഹാബാദ് ഹൈക്കോടതി വിചാരണ കോടതി സമൻസ് റദ്ദാക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്

