പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ അമ്മയുടെയും മകളുടെയും അറുത്തുമാറ്റപ്പെട്ട ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലായി കണ്ടെത്തിയ സംഭവത്തിന് പിന്നിൽ പശ്ചിമബംഗാൾ സ്വദേശിയെന്ന് പൊലീസ് കണ്ടെത്തൽ. സ്വന്തം ഭാര്യയെയും അഞ്ച് വയസുള്ള മകളെയും കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ഭവാനിപ്പുഴയിൽ ഒഴുക്കി പ്രതി ബംഗാളിലേക്ക് കടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

അട്ടപ്പാടിയിലെ തോട്ടം തൊഴിലാളിയായ പ്രതി ഇരുപത് ദിവസം മുമ്പാണ് കുടുംബത്തോടൊപ്പം ഇവിടെയെത്തിയത്.ഞായറാഴ്ച ഉച്ചയോടെ അട്ടപ്പാടി പുതൂരിലെ ചീരക്കടവിലാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ഭവാനിപ്പുഴയോരത്ത് പശുവിനെ മേയ്ക്കാൻ എത്തിയ പ്രദേശവാസികളാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ മൂന്ന് ചാക്കുകൾ കണ്ടെത്തിയത്. സംശയം തോന്നി ആദ്യ ചാക്ക് തുറന്ന് പരിശോധിച്ചപ്പോൾ അറുത്തുമാറ്റിയ രണ്ട് തലഭാഗങ്ങൾ കണ്ടതോടെ അവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസെത്തി മറ്റു ചാക്കുകൾ കൂടി പരിശോധിച്ചപ്പോഴാണ് 30 വയസ് തോന്നിക്കുന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും ബാക്കി ശരീരഭാഗങ്ങൾ കണ്ടെടുത്തത്കൊലപാതകം നടന്നിട്ട് ഏകദേശം നാല് മുതൽ അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ച ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് കേസിലെ നിർണായക വഴിത്തിരിവായത്.

കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിച്ച ചാക്കാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ലഭിച്ചതും കൊലപാതക വിവരം പുറത്തുവന്നതുംപ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി സംസ്ഥാനം വിട്ട സാഹചര്യത്തിൽ പശ്ചിമബംഗാൾ പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്താനും പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കാനുമുള്ള നീക്കത്തിലാണ് അന്വേഷണ സംഘം

Leave a Reply

Your email address will not be published. Required fields are marked *