കൊച്ചി: കേരളത്തിൽ വൻ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സ്പോൺസർ തട്ടിപ്പുകേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ ഒന്നാം പ്രതി ആന്റോ അഗസ്റ്റിനാണെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കേസിൽ രണ്ടാം പ്രതി. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി സർക്കാരിനെ വഞ്ചിച്ചതിനും വ്യാജ കരാറുകൾ ചമച്ചതിനുമാണ് കളമശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. എസ്ഐടി അംഗമായ പി. വിക്രമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർക്ക് കേസ് കൈമാറിയത്. 2024 ഡിസംബർ 20-ന് മുൻപുതന്നെ പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് എഫ്.ഐ.ആർ പറയുന്നത്.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ഉണ്ടാക്കിയ കരാറിൽ നിയമവിരുദ്ധവും വ്യാജവുമായ വകുപ്പുകൾ കൂട്ടിച്ചേർത്ത് സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിക്കുകയും അന്യായമായി സാമ്പത്തിക ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശക്തമായ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി ഇന്ന് പുലർച്ചെ മുതൽ അഞ്ചിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. ആന്റോ അഗസ്റ്റിന്റെ വസതിയിലും റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലുള്ള ഓഫീസിലും പ്രത്യേക സംഘം റെയ്ഡ് നടത്തി മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട നിർണായക ഫയലുകളും രേഖകളും പിടിച്ചെടുത്തു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കോടതിയിൽ നിന്ന് കൃത്യമായ അനുമതി വാങ്ങി നടത്തിയ ഈ പരിശോധന കേസിൽ വഴിത്തിരിവാകും.അർജന്റീന ടീമിന്റെ കേരള സന്ദർശനം സംബന്ധിച്ച് വൻ പ്രഖ്യാപനങ്ങൾ നടന്ന പശ്ചാത്തലത്തിൽ, ഈ വ്യാജ കരാറുകളും തട്ടിപ്പ് നീക്കങ്ങളും പുറത്തുവന്നത് കായിക പ്രേമികളെയും സംസ്ഥാന ഭരണകൂടത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
കൂടുതൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് വ്യക്തികളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു.

