തിരൂര്‍: ചായയില്‍ കടുപ്പത്തിന് ചേര്‍ക്കുന്നത് കൊടും വിഷമെന്ന് കണ്ടെത്തല്‍. മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്യാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍ ചായപ്പൊടിയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. മായം ചേര്‍ത്ത ചായപ്പൊടി നിര്‍മ്മിക്കുന്ന ഉറവിടം പരിശോധനയില്‍ കണ്ടെത്തുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സാഹസികമായാണ് വ്യാജ നിര്‍മ്മാണ സംഘത്തെ പിടികൂടിയത്. തിരൂര്‍-താനൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജചായപ്പൊടി വീരന്മാര് വലയിലായത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയുടെ നേര്‍ക്കാഴ്ച്ച പകര്‍ത്തി റിപ്പോര്‍ട്ടര്‍ സംഘവും ഒപ്പമുണ്ടായിരുന്നു.
ജില്ലയിലെ തട്ടുകടകളില്‍ കഴിഞ്ഞ മാസം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയാണ് സംഭവങ്ങളുടെ തുടക്കം. കടുപ്പം കൂടിയ ഒരു പ്രത്യേക ചായക്കായി ആവശ്യക്കാര്‍ ഏറെയാണ്. ചായപ്പൊടിയുടെ ഉറവിടം തേടിയുള്ള അന്വേഷണം ആദ്യം എത്തിയത് വൈലത്തൂരിലായിരുന്നു. ആവശ്യക്കാരെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വിതരണക്കാരെ ബന്ധപ്പെട്ടു. വേങ്ങര സ്വദേശി അനസ് ഒരു വാഹനം നിറയെ ചായപ്പൊടിയുമായി വൈലത്തൂരിലെത്തി.
കണ്ടാല്‍ കടകളില്‍ ലഭിക്കുന്ന ചായപ്പൊടിക്ക് സമാനം. എന്നാല്‍ ഇവ പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. രാസവസ്തുക്കള്‍ ചേര്‍ത്താണ് ചായപ്പൊടി നിര്‍മ്മാണം. സിന്തറ്റിക് ഫുഡ് കളറാണ് ചായപ്പൊടിയില്‍ ചേര്‍ത്തിരിക്കുന്നത്. ഇവ കാന്‍സറിന് വരെ കാരണമായേക്കാമെന്നാണ് കണ്ടെത്തല്‍. എംഎസ്സി കെമിസ്ട്രി പൂര്‍ത്തിയാക്കിയ ആഷിഖാണ് വ്യാജ ചായപ്പൊടി നിര്‍മ്മാണത്തിന്റെ മുഖ്യസൂത്രധാരന്‍. മുഖ്യസൂത്രധാരന്റെ പേരോ, വിലാസമോ പറയാന്‍ പിടിയിലായ അനസ് തയ്യാറായിരുന്നില്ല. ചായപ്പൊടിയില്‍ മായം ചേര്‍ക്കാറുണ്ടെന്ന് ആഷിഖ് സമ്മതിച്ചു.
വിഷപ്പൊടി നിര്‍മ്മാണത്തിനായി ആഷിക്ക് പഴയ ഒരു വീട് തന്നെ ഗോഡൗണ്‍ ആക്കി മാറ്റിയിട്ടുണ്ട്. കെട്ടുകണക്കിന് ചായപ്പൊടിയാണ് ഇവിടെ കവറുകളിലാക്കി വെച്ചിരിക്കുന്നത്. നിര്‍മ്മാണ ശാലയ്ക്ക് ലൈസന്‍സോ, മറ്റു രേഖകളോ ഇല്ല. ഗോഡൗണില്‍ നിന്നും 100 കിലോ മായം ചേര്‍ത്ത ചായപ്പൊടി കണ്ടെടുത്തിട്ടുണ്ട്.
കിഡ്നി, കരള്‍ ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളെ തകര്‍ക്കാന്‍ പ്രഹരശേഷിയുള്ള മാരക രാസവസ്തു ചേര്‍ത്താണ് സംഘത്തിന്റെ ചായപ്പൊടി നിര്‍മ്മാണം. ഇതിന് ആവശ്യക്കാരും ഏറെയാണ്. രഹസ്യമായി ജില്ലയിലെ തട്ടുകടകളും ചെറിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. ബില്ലുകള്‍ നല്‍കിയിരുന്നില്ല. കോഴിക്കോട് ലാബിലേക്ക് അയച്ച തേയില സാമ്പിളിന്റെ പരിശോധന ഫലം വരുന്ന മുറയ്ക്ക് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും. 10 ലക്ഷം വരെ പിഴയും, 2 വര്‍ഷമോ, അതിലധികമോ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ജില്ലയില്‍ പരിശോധന തുടരുമെന്നും ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.