തിരുവനന്തപുരം: കേരളീയത്തിന്റെ കണക്കുകൾ ഉടൻ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പോൺസർമാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തോട് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ പുരോഗതിക്കായുള്ള അന്വേഷണത്തെയും അതിനുള്ള ചെലവിനെയും ധൂർത്തായി സർക്കാർ കരുതുന്നില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി സർക്കാർ സാമ്പത്തികപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും സമ്മതിച്ചു.
കേന്ദ്രസർക്കാരിന്റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് കേരളം നേരിടേണ്ടിവരുന്നത്. നികുതി അവകാശം പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി ചുരുങ്ങി. കേന്ദ്രത്തിൽനിന്നു കിട്ടേണ്ട തുകയിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവുണ്ടായി. വായ്പയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റ് 8,400 കോടി കുറഞ്ഞു. ജി.എസ്.ടി. നഷ്ടപരിഹാരത്തിൽ 12,000 കോടി ഇല്ലാതായി.
സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനടപടിക്കെതിരേ കോടതിയെ സമീപിക്കാമെന്നു നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.