ഗസ്സ സിറ്റി: ഗസ്സയിലും വെസ്റ്റ്ബാങ്കിലുംകൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേല്‍. ജബാലിയയില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കം പോയന്റ് ബ്ലാങ്കില്‍ വെടിവെച്ച്‌ കൊന്നു.ജബലിയ അഭയാര്‍ഥി ക്യാമ്പിലെ ഷാദിയ അബൂഗസാല സ്കൂളിലാണ് കുട്ടികളും സ്ത്രീകളുമടക്കം സിവിലിയന്മാരെ പോയിന്റ് ബ്ലാങ്കില്‍ ഇസ്രായേല്‍ സൈന്യം ഇന്നലെ വെടിവെച്ചുകൊന്നത്. അകത്ത് മൃതദേഹങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.അതേസമയം, ഗസ്സയില്‍ അപ്രതീക്ഷിത തിരിച്ചടിയെന്ന് ഇസ്രായേല്‍ യുദ്ധകാര്യമന്ത്രിസഭയുടെ വിലയിരുത്തല്‍. യുദ്ധത്തില്‍ വലിയ വില നല്‍കേണ്ടിവന്നതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. ഇസ്രായേല്‍ മധ്യസ്ഥ നീക്കങ്ങള്‍ തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. ലോകതലത്തിലെ വ്യാപക ഒറ്റപ്പെടല്‍, കരയുദ്ധത്തില്‍ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടി, ബൈഡൻ ഭരണകൂടവുമായുള്ള വിയോജിപ്പ് എന്നിവക്കിടയില്‍ യുദ്ധം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നറിയാതെ വലയുകയാണ് ഇസ്രായേലിലെ രാഷ്ട്രീയ സൈനിക നേതൃത്വം അറിയിച്ചു. വടക്കൻ ഗസ്സയില്‍ രണ്ട് സീനിയര്‍ കമാൻഡര്‍മാര്‍ അടക്കം 10 സൈനികര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് സൈനിക മേധാവി തുറന്നു സമ്മതിച്ചു.ഹമാസ് നടത്തിയ ഒളിയാക്രമണത്തിലാണ് ഷുജാഇയയില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടത്. ഇന്നലെ മാത്രം പരിക്കേറ്റ 49 സൈനികരെയാണ് സൊറാക്ക ആശുപത്രിയില്‍ എത്തിച്ചത്. ചെറുത്തുനില്‍പ്പിന്‍റെ വീര്യവും പ്രഹരശേഷിയും ശത്രുവിനെ ബോധ്യപ്പെടുത്തുന്നതില്‍ പോരാളികള്‍ വിജയിച്ചതായി ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. പോര്‍വിമാനങ്ങളും കവചിത വാഹനങ്ങളും കൂടാതെയുള്ള യുദ്ധത്തില്‍ ഹമാസിനെ ജയിക്കുക എളുപ്പമല്ലെന്ന തോന്നല്‍ സൈനികരില്‍ രൂപപ്പെട്ടതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. വടക്കൻ ഗസ്സയില്‍ ഹമാസിനെ ഇല്ലാതാക്കിയെന്ന അവകാശവാദത്തിനിടെയാണ് കൂടുതല്‍ സൈനികര്‍ മരിക്കുന്ന സാഹചര്യമുള്ളത്. സിവിലിയൻ കുരുതി ഒഴിവാക്കി ഹമാസിനെ അമര്‍ച്ച ചെയ്യാനാകില്ലെന്ന് പ്രതിരോധ മന്ത്രി ഗാൻറ്സ് യു.എസ് നേതൃത്വത്തെ അറിയിച്ചു. രണ്ടു മാസത്തിലേറെയായി തുടരുന്ന വംശഹത്യയില്‍ ഗസ്സയില്‍ മാത്രം 18,608 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അരലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ മാത്രം 196 പേരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *