ന്യൂഡല്‍ഹി: അരിവാള്‍ രോഗവും മറ്റ് 13 അപൂര്‍വ്വ രോഗങ്ങള്‍ക്കുമുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യ. അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള നാല് തരം മരുന്നാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മറ്റ് മരുന്നുകള്‍ വരും വര്‍ഷത്തോടെ പുറത്തിറക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. നേരത്തെ മിക്ക അപൂര്‍വ്വ രോഗങ്ങള്‍ക്കുമുള്ള മരുന്ന് വിദേശത്ത് നിന്നായിരുന്നു എത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചെലവുമേറെയായിരുന്നു. 2.5 കോടി രൂപ വിലയുള്ള വിദേശ മരുന്ന് കേവലം 2.5 ലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ എണ്ണം കുറയ്ക്കാനും അതുവഴി 100 മടങ്ങ് വരെ വില കുറയ്ക്കാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വീഡനില്‍ നിന്ന് 5 ലക്ഷം രൂപ വിലയിലുള്ള രണ്ട് മില്ലിഗ്രാം ഗുളിക ഇന്ത്യയില്‍ 6,500 രൂപയ്ക്ക് ലഭ്യമാകും.
നിലവില്‍ എട്ട് തരം മരുന്നുകളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. ഇവയില്‍ നാലെണ്ണമാണ് നിലവില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുക. ടൈറോസിനേമിയ ടൈപ്പ് 1 (Tyrosinemia Type 1), ഗൗച്ചേഴ്സ് ഡിസീസ് (Gaucher’s Disease), വില്‍സണ്‍സ് ഡിസീസ് (Wilson’s Disease), ഡ്രാവെറ്റ് അല്ലെങ്കില്‍ ലെനോക്സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് രാജ്യത്ത് ലഭ്യമാവുക. ഇതിന് പുറമേ അരിവാള്‍ രോഗം ചികിത്സിക്കുന്നതിനുള്ള മരുന്നായ ഹൈഡ്രോക്സിയൂറിയയും കുറഞ്ഞ വിലയില്‍ ലഭ്യമാണ്.
ടൈറോസിനേമിയ ടൈപ്പ് 1-നായി ഉപയോഗിക്കുന്ന നിറ്റിസിനോണ്‍ ക്യാപ്സ്യൂളുകള് പ്രതിവര്‍ഷം നിര്‍മ്മിക്കുന്നതിനായി ഇന്ത്യയില്‍ 2.5 ലക്ഷം രൂപയാണ് ചെലവാകുക. വിദേശരാജ്യങ്ങളില്‍ ഇത് 2.2 കോടി രൂപയാണ്. ഗൗച്ചേഴ്സ് ഡിസീസ് ചികിത്സയ്ക്കായി ശുപാര്‍ശ ചെയ്യുന്ന എലിഗ്ലുസ്റ്റാറ്റ് എന്ന മരുന്ന് പ്രതിവര്‍ഷം 3-6 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കും.
വളരെ കുറച്ച് ആളുകളെ മാത്രം ബാധിക്കുന്നതും വ്യാപനം കുറഞ്ഞതുമായ രോഗങ്ങളെയാണ് അപൂര്‍വ്വ രോഗങ്ങളെന്ന് പറയുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 8.4-10 കോടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയില്‍ 80 ശതമാനം കേസുകളും ജനിതകാവസ്ഥയിലോ പാരമ്ബര്യമായോ ലഭിച്ചതാണ്.