പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ രാജ്യാന്തര ഭീകര സംഘടനയായ ലഷ്കർ-ഇ തയിബയുടെ ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കേസിൽ കാസർഗോഡ് സ്വദേശി ജോൺസനെ എൻഐഎ കസ്റ്റഡിയിലെടുത്തു.
ലഷ്കർ-ഇ തയിബ ദക്ഷിണേന്ത്യൻ കമാൻഡറും 2008ലെ ബെംഗളൂരു സ്ഫോടന കേസിലെ മുഖ്യ പ്രതിയുമായ തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിൽ ബെംഗളൂരുവിൽ ചാവേർ ബോംബാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസാണ് എൻഐഎ അന്വേഷിക്കുന്നത്.
കാസർഗോഡ് കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയും നടത്തി. ഈ കേസിൽ ഒളിവിലുള്ള മുഖ്യ പ്രതി ജുനൈദ് അഹമ്മദ്, സഹായി സൽമാൻ ഖാൻ എന്നിവരുമായി ബന്ധപ്പെട്ടവരിലേക്കുള്ള അന്വേഷണമാണ് കേരളത്തിലെത്തിയത്.
കസ്റ്റഡിയിലുള്ള ജോൺസണ് പ്രതികളുമായുള്ള ബന്ധം എൻഐഎ വെളിപ്പെടുത്തിയിട്ടില്ല. ഒളിവിൽ പോയ പ്രതികൾ കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ രഹസ്യമായി തങ്ങിയതിന്റെ തെളിവുകൾ എൻഐഎക്ക് ലഭിച്ചിരുന്നു.
കർണാടക, തമിഴ്നാട്, തെലങ്കാന, പഞ്ചാബ്, ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം എൻഐഎ തിരച്ചിൽ നടത്തിയിരുന്നു.