വാഷിങ്ടണ്‍ ഡിസി: ഭാര്യയെ കാണാതായ കേസിൽ കൊലപാതകമുള്‍പ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ വംശജനായ നരേഷ് ഭട്ടിനെതിരെ അമേരിക്കൻ പൊലീസ് കേസെടുത്തു. ഭാര്യയെ കാണാതായി ദിവസങ്ങള്‍ക്കുള്ളില്‍ പുനര്‍വിവാഹത്തെ കുറിച്ച് സെര്‍ച്ച് ചെയ്തതാണ് ഇന്ത്യന്‍ വംശജന് വിനയായത്. സെര്‍ച്ച് ഹിസ്റ്ററിയുടെ അടിസ്ഥാനത്തിലാണ് നരേഷ് ഭട്ട് സംശയമുനയിലായിരിക്കുന്നത്.


ജൂലൈ 29നാണ് നരേഷിൻ്റെ ഭാര്യ മമത ഭട്ടിനെ കാണാതായത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. മമതയെ കാണാതായതിന് പിന്നാലെ ഭട്ട് നടത്തിയ ചില ഓണ്‍ലൈന്‍ ഷോപ്പിങ്ങുകളും സെര്‍ച്ചുകളുമാണ് പൊലീസില്‍ സംശയമുണ്ടാക്കിയത്.

വിര്‍ജീനിയയില്‍ പങ്കാളിയെ കാണാതായാല്‍ എന്ത് സംഭവിക്കും, പങ്കാളി മരണപ്പെട്ടാല്‍ കടങ്ങള്‍ എന്ത് ചെയ്യും, പങ്കാളി മരിച്ചാല്‍ പുനര്‍വിവാഹം എപ്പോള്‍ ചെയ്യാം തുടങ്ങിയ ഗൂഗിളിലെ സെര്‍ച്ചുകളാണ് പൊലീസ് ഭട്ടിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്.പിന്നാലെ പുതിയ മൂന്ന് കത്തികളും, വീട് വൃത്തിയാക്കാനുള്ള വസ്തുക്കളും വാങ്ങിയതായും പൊലീസ് കണ്ടെത്തിയിരുന്നു.

മമതയെ കാണാതായ ദിവസം മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഏറെ ദിവസമായും ജോലിക്ക് എത്താതിരുന്നതോടെ ഓഫീസില്‍ നിന്നും മമതയെ തിരക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ആഗസ്റ്റ് 5നാണ് ഓഫീസ് അധികൃതര്‍ പൊലീസിന് നിര്‍ദേശം നല്‍കുന്നത്. ഇതോടെയാണ് യുവതിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.

പൊലീസിന്റെ അന്വേഷണത്തില്‍ വീട്ടില്‍ നിന്നും മമതയുടെ രക്തം കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ഇത് മമതയുടേതാണെന്ന് സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ മമത മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നുമാണ് ഭട്ടിന്റെ അഭിഭാഷകന്റെ വാദം. ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ക്ക് അനുകൂലമായതിനാലാണ് മൃതദേഹം ലഭിച്ചില്ലെങ്കിലും അന്വേഷണം തുടരാന്‍ പൊലീസ് തീരുമാനിച്ചത്.

മമതയെ വീടിനുള്ളില്‍വെച്ച് തന്നെ കൊലപ്പെടുത്തിയ നരേഷ് ഭട്ട് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി മാലിന്യത്തിനൊപ്പം കളഞ്ഞുവെന്നാണ് പൊലീസിന്റെ നിഗമനം. ചോദ്യം ചെയ്യലില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പറഞ്ഞിരുന്നു.

മകളുടെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും തന്റെ മകള്‍ നല്ല വ്യക്തി കൂടിയായിരുന്നുവെന്നും അമ്മ ഗീതാ കാഫെല്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *