തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും നേതൃമാറ്റ ചര്‍ച്ച സജീവമായി. തദ്ദേശ തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് പുതിയ നേതൃനിര എന്ന ആവശ്യമാണ് ഉയരുന്നതെങ്കിലും പ്രസിഡന്റ് പദവിയില്‍ സുധാകരന് പകരം മറ്റൊരാള്‍ വരട്ടെ എന്ന ചര്‍ച്ചയ്ക്കാണ് പ്രാമുഖ്യം. സീനിയര്‍ നേതാക്കള്‍ പലരും സുധാകരന്‍ മാറേണ്ടതില്ല, തുടരട്ടെ എന്ന നിലപാട് പരസ്യമാക്കുമ്പോൾ യുവനിരയാണ് സുധാകരന് പിന്‍ഗാമിയെ തേടിയുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

സുധാകരന്‍ തന്നെ ഈ ചര്‍ച്ച തുടക്കത്തിലെ തള്ളിയെങ്കിലും ഹൈക്കമാന്‍ഡ് നിലപാട് തന്നെയാണ് നിര്‍ണായകമാകുക. കെ.പി.സി.സി.-ഡി.സി.സി. പുനഃസംഘടന സുധാകരന്‍ തന്നെ മുന്നോട്ടുവച്ചിട്ടുണ്ട്. നേതൃമാറ്റത്തിലുപരി യുവനേതാക്കളെ കൊണ്ടുവന്ന് തലമുറമാറ്റവും ഒരുപക്ഷം ആഗ്രഹിക്കുന്നു. നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന റോളില്‍ ഇപ്പോള്‍ നേതൃമാറ്റം ഏറക്കുറേ സംഭവിച്ചുകഴിഞ്ഞു.

പാലക്കാട് തിരഞ്ഞെടുപ്പ് ടീം വര്‍ക്കിന്റെ വിജയമാണെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും തന്ത്രങ്ങളൊരുക്കിയതും രാഷ്ട്രീയ അജണ്ട നിശ്ചയിച്ചതുമെല്ലാം യുവനിരയായിരുന്നു. സാമുദായിക വിഷയം കൂടി ഇടകലര്‍ത്തിയാണ് നേതൃമാറ്റ ചര്‍ച്ച പുരോഗമിക്കുന്നത്.

ഒരുവശത്ത് സുധാകരന്റെ ആരോഗ്യപ്രശ്‌നങ്ങളും നേതൃമാറ്റത്തെ പിന്തുണക്കുന്നവര്‍ ഉന്നയിക്കുന്നുണ്ട്‌. നാക്കുപിഴ വിവാദങ്ങളും അവര്‍ നിരത്തുന്നു.പ്രധാനമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമുള്ള യുവതുര്‍ക്കികളാണ് ഇതിന് പിന്നില്‍.

ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടും എ.കെ. ആന്റണി സജീവമല്ലാത്തതും പരിഗണിച്ച് നേതൃനിരയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ ആരുമില്ലാത്തതിനാല്‍ ആ സമുദായത്തില്‍ നിന്നൊരാള്‍ എന്ന അഭിപ്രായത്തോട് പലരും യോജിക്കുന്നു. പ്രത്യേകിച്ച് ബി.ജെ.പി. മുനമ്പം അടക്കമുള്ള വിഷയം ഉയര്‍ത്തി ക്രിസ്തീയ സമൂഹത്തെ പ്രീണിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടത്തുന്നുതും കോണ്‍ഗ്രസ് ഗൗരവത്തിലെടുക്കുന്നു.

നാല് വൈസ് പ്രസിഡന്റുമാരില്‍ വി.ജെ. പൗലോസ് ഒഴിച്ച് നിര്‍ത്തിയാല്‍ മൂന്ന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരില്‍ പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ഒഴിവ് നികത്തിയിട്ടുമില്ല.സുധാകരന്‍ പാര്‍ട്ടി അധ്യക്ഷനായപ്പോഴാണ് ദളിത് പ്രാതിനിധ്യം എന്ന നിലയില്‍ കൊടിക്കുന്നില്‍ സുരേഷും മുസ്ലിം വിഭാഗത്തില്‍നിന്ന് ടി. സിദ്ദിഖും ഒപ്പം പി.ടി. തോമസും വര്‍ക്കിങ് പ്രസിഡന്റുമാരായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സിറ്റിങ് എം.പിമാരെ മത്സരിപ്പിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട ടി.എന്‍. പ്രതാപനെ വര്‍ക്കിങ് പ്രസിഡന്റാക്കിയിരുന്നു. പാര്‍ട്ടി അധ്യക്ഷ പദവിയുള്ളതിനാല്‍ കണ്ണൂരില്‍ ഇത്തവണ മത്സരിക്കാനില്ല എന്നായിരുന്നു സുധാകരന്‍ ആദ്യം എടുത്ത നിലപാട്.

എന്നാല്‍ വിജയ സാധ്യതയും പകരം മറ്റൊരു മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ വന്നതോടെയുമാണ് സുധാകരന്‍ വീണ്ടും മത്സരിച്ചതും എം.പിയായതും. സാമുദായിക പരിഗണനയില്‍ ഏറെക്കാലത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ പദവിയില്‍ ക്രിസ്ത്യന്‍സമുദായത്തില്‍ നിന്നൊരാള്‍ വരട്ടെ എന്ന അഭിപ്രായത്തിനാണ് മുന്‍ഗണനയെങ്കിൽ ആന്റോ ആന്റണി, ബെന്നി ബെഹ്നാന്‍, ഡീന്‍ കുര്യാക്കോസ്, റോജി.എം. ജോണ്‍ എന്നീ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

ഇതില്‍ ബെന്നി ബെഹനാന്റെ കാര്യത്തില്‍ തലമുറമാറ്റം എന്ന വാദം നില്‍ക്കില്ലെങ്കിലും വി.ഡി. സതീശന്‍ അടക്കമുള്ളവരുടെ പിന്തുണയുണ്ട്. സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിക്കുന്നതില്‍ അണിയറയില്‍ കരുനീക്കിയവരില്‍ ബെന്നിയുമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എന്നനിലയില്‍ എ ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രമായിരുന്നു.

പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടലില്‍ ഇടതിനെ പിന്തുണക്കുന്ന യാക്കോബായ സഭാംഗമായ ബെന്നി ബെഹ്നനാന്‍ വരുന്നത് ഗുണം ചെയ്യുമെന്ന് വാദിക്കുന്നവരുമുണ്ട്. സീറോ മലബാര്‍ സഭാംഗമായ ആന്റോ ആന്റണിക്കാണ് മൂന്നു പേരില്‍ സാധ്യത കൂടുതല്‍. എ.കെ. ആന്റണി 32-ാം വയസ്സില്‍ പി.സി.സി. അധ്യക്ഷനായത് ചൂണ്ടിക്കാട്ടിയാണ് എന്തുകൊണ്ട് റോജി ആയിക്കൂട എന്ന് വാദിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ്സംസ്ഥാന അധ്യക്ഷനായിരുന്ന ഡീന്റെ പേര് മുന്നോട്ടുവെക്കുന്നവരുമുണ്ട്. തത്കാലം സുധാകരന്‍ മാറാതെ പുനഃസംഘടന നടന്നാല്‍ ആന്റോ അല്ലെങ്കില്‍ റോജി ഇതില്‍ ഒരാള്‍ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റാകും എന്നത് ഉറപ്പാണ്.

മുല്ലപ്പള്ളിക്കും സുധാകരനും പിന്നാലെ ഈഴവ സമുദായത്തില്‍ നിന്ന് തന്നെ തുടരട്ടെ എന്ന് പറയുന്നവര്‍ മുന്നോട്ടുവെക്കുന്ന പേര് അടൂര്‍ പ്രകാശിന്റേതാണ്. അദ്ദേഹം തന്റെ ആഗ്രഹം പറഞ്ഞിട്ടുള്ളതുമാണ്. അടുത്തിടെ സുധാകരന്റെ ആശീര്‍വാദത്തില്‍ എം. ലിജുവിനെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഉയര്‍ത്തുകയും സംഘടനാ ചുമതല നല്‍കുകയും ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാര്‍ റൂമിന്റെ ചുമതലയില്‍ നടത്തിയ മികച്ച ഏകോപനവും ലിജുവിനെ സ്ഥാനലബ്ദിയില്‍ തുണച്ചു. സുധാകരന്‍ മാറാന്‍ തയ്യാറായാല്‍ ഒരുപക്ഷേ അദ്ദേഹം നിര്‍ദേശിക്കുന്ന പേര് ലിജുവിന്റേതായി കൂടെന്നുമില്ല.

സാധ്യതാ പട്ടികയില്‍ ഒഴിച്ചുനിര്‍ത്താനാകാത്ത ഒരു പേരാണ് കൊടിക്കുന്നില്‍ സുരേഷ് എം പിയുടേത്. പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ് കൊടിക്കുന്നില്‍. നേരത്തെ സുധാകരന്‍ പ്രസിഡന്റ് ആയ സമയത്തും കൊടിക്കുന്നിലിന്റെ പേര് സജീവമായിരുന്നു.

താന്‍ ദളിതനായതുകൊണ്ടാണ് കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചതിനുശേഷം ഒഴിവാക്കിയതെന്ന് കഴിഞ്ഞ തവണ കൊടിക്കുന്നില്‍ പറയാതെ പറയുകയും ചെയ്തു. പി.സി. വിഷ്ണുനാഥ് പ്രസിഡന്റും ലിജു വൈസ് പ്രസിഡന്റുമായിരുന്ന പഴയ യൂത്ത് കോണ്‍ഗ്രസ് നിരയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ രണ്ടാംനിര ഭരിക്കുന്നത്.

അതിന് പിന്നില്‍ സിദ്ദിഖ്, ഹൈബി, കുഴല്‍നാടന്‍, ഷാഫി, രാഹുല്‍ അടക്കമുള്ള അടുത്തനിര. ഗ്രൂപ്പിന്റെ ചട്ടക്കൂട് പൊളിച്ചാണ് ഇവര്‍ സതീശന് പിന്നില്‍ അണിനിരക്കുന്നത് എന്നതുംകണക്കിലെടുക്കുമ്പോള്‍ സാധ്യതയേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *