കോഴിക്കോട്: മലപ്പുറം ചെമ്മാട് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി (NIA) മിന്നൽ പരിശോധന നടത്തി.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെയ്ഡ് നടന്നത്. കാസർകോട് കടുമേനി സ്വദേശി ജോർജിന്റെ വീട്ടിൽ നിന്ന് അഞ്ചുവർഷം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി.
കഴിഞ്ഞ ഫെബ്രുവരിയിൽ ഉള്ളി ചാക്കുകളിൽ ഒളിപ്പിച്ച് ലോറിയിൽ കടത്തിയ സ്‌ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിലാണ് അന്വേഷണം. കേസിൽ മുക്കം സ്വദേശികളായ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ക്വാറി ആവശ്യത്തിനെന്ന വ്യാജേന വൻതോതിൽ സ്‌ഫോടകവസ്തുക്കൾ കടത്തിയതിന് പിന്നിലെ കൂടുതൽ വിവരങ്ങൾ തേടിയാണ് പരിശോധന. കേസിലെ പ്രതിയായ ഹാരിസിന്റെ മുക്കത്തെ വീടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും ഒരു പ്രതിയുടെ വണ്ടൂരിലെ ഭാര്യവീട്ടിലും ഉൾപ്പെടെ റെയ്ഡ് തുടരുകയാണ്.
