ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടന്‍ ലൈസന്‍സ് നല്‍കുന്ന പരമ്പരാഗത രീതിക്ക് മോട്ടോര്‍വാഹന വകുപ്പ് മാറ്റം വരുത്താനൊരുങ്ങുന്നു. ആറു മാസത്തെയോ ഒരുവര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന.

ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക. ഇക്കാലയളവില്‍ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസന്‍സ് നല്‍കൂ. ഇത്തരത്തില്‍ പ്രൊബേഷണറി ലൈസന്‍സ് നല്‍കുന്ന രാജ്യങ്ങളുടെ വിവരം വകുപ്പു ശേഖരിച്ചിട്ടുണ്ട്. ഡ്രൈവര്‍ കൂടുതല്‍ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണു പരിഷ്‌കാരം.ലൈസന്‍സ് കിട്ടിയാലുടന്‍ വാഹനവുമായി പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണു വകുപ്പിന്റെ വിലയിരുത്തല്‍.

ആലപ്പുഴയില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ചത് അഞ്ചുമാസം മുന്‍പ് ലൈസന്‍സ് കിട്ടിയ വിദ്യാര്‍ഥിയായിരുന്നു. അതിവേഗത്തിലായിരുന്നില്ലെങ്കിലും പരിചയക്കുറവ് അപകടകാരണങ്ങളിലൊന്നായി കണ്ടെത്തിയിരുന്നു.

അപകടരഹിത യാത്ര ഉറപ്പാക്കി പുതിയ ഡ്രൈവിങ് സംസ്‌കാരം രൂപപ്പെടുത്തലാണ് പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യമെന്നും ഇതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞുലേണേഴ്‌സ്, ലൈസന്‍സ് പരീക്ഷകളില്‍ കാതലായ മാറ്റവും വകുപ്പ് ലക്ഷ്യമിടുന്നു. ലേണേഴ്‌സ് പരീക്ഷ പരിഷ്‌കരിക്കും.

ഡ്രൈവിങ്ങിലെ പ്രായോഗിക പരിജ്ഞാനം സംബന്ധിച്ച ചോദ്യങ്ങളുടെ എണ്ണം കൂട്ടും. നെഗറ്റീവ് മാര്‍ക്കും വരും. ഇതു മൂന്നു മാസത്തിനകം നടപ്പാക്കും.

ട്രാക്ക്, റോഡ് ഡ്രൈവിങ് പരീക്ഷാസംവിധാനം അക്രെഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകള്‍ വരുന്നതോടെ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ. എച്ച്, എട്ട് എന്നിവയൊഴിവാക്കി സംസ്ഥാനത്തെ റോഡുകളിലെ യഥാര്‍ഥ സാഹചര്യങ്ങള്‍ നേരിടുന്ന രീതിയിലാകും ട്രാക്ക് ടെസ്റ്റ് നടത്തുകയെന്ന് കമ്മിഷണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *