ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ മണ്ണിലെ റോട്ട (Rota), മൊറോൺ (Morón) സൈനിക താവളങ്ങൾ ഉപയോഗിക്കാൻ സ്പെയിൻ അനുമതി നിഷേധിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾ ‘അപകടകരവും അന്യായവുമാണെന്ന്’ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മാത്രമേ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കൂ എന്നും സ്പെയിൻ അറിയിച്ചു.ഇറാനെതിരായ ആക്രമണത്തിന് സ്പെയിൻ താവളങ്ങൾ നിഷേധിച്ചതോടെ, അവിടെയുണ്ടായിരുന്ന 15-ഓളം യുഎസ് ഇന്ധന വിമാനങ്ങൾ (Refueling tankers) ജർമ്മനിയിലെ റാമിസ്റ്റീൻ ബേസിലേക്ക് മാറ്റി.

ഏകപക്ഷീയമായ ഇത്തരം സൈനിക നീക്കങ്ങൾ ലോകക്രമത്തെ അസ്ഥിരപ്പെടുത്തുമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മുന്നറിയിപ്പ് നൽകി.

ഇറാൻ ഭരണകൂടത്തെ എതിർക്കുമ്പോഴും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള അപകടകരമായ സൈനിക ഇടപെടലുകളെ പിന്തുണയ്ക്കാനാവില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

ബാഴ്സലോണയിൽ നടന്ന ചടങ്ങിലാണ് അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.യു.എസുമായുള്ള ഉഭയകക്ഷി കരാറുകൾ നിലവിലുണ്ടെങ്കിലും, യുഎൻ ചാർട്ടറിന് (UN Charter) വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാരസ് വ്യക്തമാക്കി.

ഇറാനിയൻ ജനതയുടെ അവകാശങ്ങളെ സ്പെയിൻ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഒരു യുദ്ധത്തിന്റെ ഭാഗമാകാൻ താൽപ്പര്യമില്ലെന്ന് പ്രതിരോധ മന്ത്രി മർഗരിറ്റ റോബിൾസും കൂട്ടിച്ചേർത്തു.

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ യുഎസ് നീക്കത്തെ പിന്തുണയ്ക്കുമ്പോഴാണ് സ്പെയിൻ വിട്ടുനിൽക്കുന്നത്.

ഗസ വിഷയത്തിലും ഇസ്രായേലിനെതിരെ ഉറച്ച നിലപാടെടുത്ത പെഡ്രോ സാഞ്ചസ് സർക്കാർ,ഇപ്പോൾ ഇറാൻ വിഷയത്തിലും അമേരിക്കയെ വെല്ലുവിളിക്കുന്നത് നാറ്റോ (NATO) സഖ്യത്തിലെ വലിയ ഭിന്നതയാണ് വിലയിരുത്തപ്പെടുന്നത്. ഇത് ട്രംപ് ഭരണകൂടവും സ്പെയിനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻകാരണമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *