മെക്സികോയിലെ ടീഹ്വാനയിലേക്ക് പോവുകയായിരുന്ന വോളാരിസ് വിമാനത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. വിമാനം യുഎസിലേക്ക് ഹൈജാക്ക് ചെയ്യാനുള്ള യാത്രക്കാരന്‍റെ ശ്രമത്തെ തുടര്‍ന്ന് മെക്സികോയിലെ ഗ്വാഡലഹാര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

വിമാനത്തിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തത്.മെക്സിക്കന്‍ പൗരനായ 31 കാരന്‍ മാരിയോ ആണ് പ്രശ്നക്കാരന്‍. വിമാനത്താവള ജീവനക്കാരെ ആക്രമിച്ച് കോക്പിറ്റിനുള്ളിലേക്ക് കടക്കാനായിരുന്നു യുവാവിന്‍റെ ശ്രമം.

ലിയോണിലെ എല്‍ ബാജിയോ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് സംഭവങ്ങള്‍.കുടുംബാംഗങ്ങളിലൊരാളെ ബന്ദിയാക്കിയിട്ടുണ്ടെന്നും ടീഹ്വാനയിലേക്ക് പോകുന്നതിന് വധഭീഷണിയുണ്ടെന്നുമാണ് മരിയോ അധികാരികളോട് പറഞ്ഞത്.

വിമാനത്തിനുള്ളില്‍ നിന്നും അക്രമിയെ ജീവനക്കാര്‍ കീഴ്പ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മരിയോയുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നോ എന്നതില്‍ വ്യക്തമല്ല. അതേസമയം, ആക്രമണത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിതായി റിപ്പോര്‍ട്ടില്ല. ഗ്വാഡലഹാര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും മരിയോയെ അധികൃതര്‍ക്ക് കൈമാറി.

മറ്റു യാത്രക്കാരും ജീവനക്കാരും ടീഹ്വാനയിലേക്ക് യാത്ര തുടര്‍ന്നു. സംഭവത്തില്‍ ജീവനക്കാര്‍ പ്രൊട്ടോകോള്‍ പാലിച്ച് പ്രൊഫഷണലായി ദ്രുതഗതിയില്‍ഇടപെട്ടെന്ന് വോളാരിസ് സിഇഒ വ്യക്താമാക്കി.

Leave a Reply

Your email address will not be published. Required fields are marked *