ഡമാസ്‌കസ്: ക്രൂരപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ സിറിയയിലെ ജയിലുകള്‍ അടച്ചുപൂട്ടുമെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിന്റെ സുരക്ഷാസേനയെ ഇല്ലാതാക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. രാസായുധങ്ങള്‍ ഒളിപ്പിച്ച ഇടങ്ങള്‍ കണ്ടെത്തി സുരക്ഷിതമാക്കാനായി അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ പിതാവും സിറിയയുടെ മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍-അസദിന്റെ ശവകുടീരം വിമതര്‍ അഗ്നിക്കിരയിക്കി. വടക്കന്‍ സിറിയയിലെ കര്‍ദാഹയില്‍ സ്ഥിതി ചെയ്യുന്ന ശവകുടീരമാണ് വിമതര്‍ തകര്‍ത്തത്. ശവകുടീരത്തിന് തീയിട്ട ശേഷം അവിടെ സിറിയന്‍ പതാകയുമായി നില്‍ക്കുന്ന വിമതരുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

രാജ്യത്തിനുപുറത്ത് കഴിയുന്ന ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചുകൊണ്ടുവരാനും എല്ലാ പൗരരെയും സംരക്ഷിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കാനും ആഗ്രഹിക്കുന്നുവെന്ന് സിറിയയുെട ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബഷീര്‍ പറഞ്ഞു.

എന്നാല്‍, സിറിയയ്ക്ക് വിദേശനാണ്യശേഖരമില്ലാത്തതിനാല്‍ ഇതെല്ലാം പ്രയാസകരമാണെന്നും വ്യക്തമാക്കി. ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് അല്‍ ബഷീര്‍ പറഞ്ഞത്.ഖജനാവില്‍ സിറിയന്‍ പൗണ്ട് മാത്രമേയുള്ളൂ.

ഒരു യു.എസ്. ഡോളര്‍ വാങ്ങണമെങ്കില്‍ ഞങ്ങളുടെ 35,000 നാണയം കൊടുക്കണം. ഞങ്ങളുടെ കൈയില്‍ വിദേശനാണയമില്ല. വായ്പകളുടെയും ബോണ്ടുകളുടെയും വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികസ്ഥിതി മോശമാണ്” -അല്‍ ബഷീര്‍ പറഞ്ഞു.സിറിയ പിടിച്ച ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തില്‍ ഇഡ്ലിബ് ഭരിച്ചിരുന്ന സാല്‍വേഷന്‍ സര്‍ക്കാരിന്റെ നേതാവായ അല്‍ ബഷീര്‍ ചൊവ്വാഴ്ചയാണ് സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായത്.

2025 മാര്‍ച്ച് ഒന്നുവരെയാണ് കാലാവധി. അല്‍ ഖായിദയുമായി ബന്ധമുണ്ടായിരുന്ന സംഘടനയാണ് എച്ച്.ടി.എസ്.അസദ് സര്‍ക്കാര്‍ വീണ പശ്ചാത്തലത്തില്‍, സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ അപേക്ഷ പരിഗണിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തുര്‍ക്കിയിലും മറ്റിടങ്ങളിലും അഭയാര്‍ഥികളായിക്കഴിഞ്ഞിരുന്ന സിറിയക്കാര്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അല്‍ ബഷീറിന്റെ പ്രതികരണം.

അതിനിടെ, പുതിയ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അവകാശം പൂര്‍ണമായി മാനിക്കണമെന്നും ആവശ്യക്കാര്‍ക്ക് സഹായമെത്തുന്നത് തടസ്സപ്പെടുത്തരുതെന്നും സിറിയയെ ഭീകരതയുടെ താവളമായി ഉപയോഗിക്കുന്നത് തടയണമെന്നും യു.എസ്. വിമതരോട് നിര്‍ദേശിച്ചു.

നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കാനായി സാഹോദര്യത്തോടെയും പരസ്പരബഹുമാനത്തോടെയും ഒന്നിച്ചുനീങ്ങണമെന്ന് സിറിയയിലെ വ്യത്യസ്ത മതവിഭാഗങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനംചെയ്തു.”

Leave a Reply

Your email address will not be published. Required fields are marked *