കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. താലിബാന്‍ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി ഷിര്‍നോവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയും വ്യാഴാഴ്ച കാബൂളില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചുള്ള റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം അംബാസഡര്‍ അറിയിച്ചു. ഇതിനുപിന്നാലെയായിരുന്നു പ്രഖ്യാപനം.
റഷ്യയുടേത് ധീരമായ തീരുമാനമെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി വിശേഷിപ്പിച്ചു. ഈ ധീരമായ തീരുമാനം മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്നും റഷ്യ എല്ലാവരെക്കാളും മുന്‍പിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു.2021-ല്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരത്തിലേറിയ താലിബാന്‍ ഭരണകൂടം അന്താരാഷ്ട്ര അംഗീകാരങ്ങള്‍ക്കായുള്ള ശ്രമങ്ങളിലായിരുന്നു.
എന്നാല്‍, താലിബാന്‍ അധികാരത്തിലേറിയിട്ടും അഫ്ഗാനിസ്ഥാനിലെ എംബസികള്‍ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ. 2022-ല്‍ താലിബാന്‍ സര്‍ക്കാരുമായി റഷ്യ അന്താരാഷ്ട്ര സാമ്പത്തിക കരാറിലും ഒപ്പിട്ടിരുന്നു.
ഇതിനുപിന്നാലെ 2025 ഏപ്രിലില്‍ താലിബാനെ തീവ്രവാദസംഘടനകളുടെ പട്ടികയില്‍നിന്ന് റഷ്യ നീക്കംചെയ്യുകയുമുണ്ടായി”