മുംബൈ∙ ഏകദിന വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപിച്ച് കിരീടം നേടിയതിനു പിന്നാലെ, കുതിച്ചുയർന്ന് ഇന്ത്യൻ താരങ്ങളുടെ ബ്രാൻഡ് മൂല്യം. താരങ്ങളുടെ, പരസ്യത്തിനായി ഏജൻസികളെ സമീപിക്കുന്നവരുടെ തിരക്കാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ ജമീമ റോഡ്രിഗസ്, സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ, ദീപ്തി ശര്‍മ, ഷെഫാലി വർമ തുടങ്ങിയവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ സെഞ്ചറി നേടി ഇന്ത്യയുടെ വിജയമുറപ്പിച്ച ജമിമ റോഡ്രിഗസിനാണു വൻ ഡിമാൻഡ്. ജമിമയുടെ ബ്രാന്‍ഡ് മൂല്യത്തിൽ 100 ശതമാനം വർധനയാണ് ഉണ്ടായതെന്നാണു വിവരം. സാധാരണ വാങ്ങുന്നതിന്റെ ഇരട്ടി തുകയാണ് ലോകകപ്പിനു ശേഷം ജമിമയ്ക്കു ലഭിക്കുന്നത്. ‘
‘ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനു പിന്നാലെ ഞങ്ങളെ ആളുകൾ സമീപിച്ചു തുടങ്ങി. 12 വിഭാഗങ്ങളിലായി വിവിധ ബ്രാൻഡുകളുമായി ഞങ്ങൾ ചർച്ചകൾ തുടരുകയാണ്.’’– ജമിമയുടെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ജെഎസ്‍ഡബ്ല്യു സ്പോർട്സ് ചീഫ് കൊമേഷ്യൽ ഓഫിസർ കരൺ യാദവ് പ്രതികരിച്ചു.
