നടി ആക്രമിക്കപ്പെട്ട കേസിൽ വിധിവരാനിരിക്കെ അതിൻ്റെ നാൾവഴികൾ മലയാളി സിനിമയിലെ വിപ്ലവകരമായ പരിണാമങ്ങളുടെ ചരിത്രം കൂടി ഉൾച്ചേരുന്നതാണ്. മലയാള സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഏടായിരുന്നു വുമൺ ഇൻ സിനിമാ കളക്ടീവിന്റെ (WCC) രൂപീകരണവും അതിലേക്ക് നയിച്ച സംഭവങ്ങളും. നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ ‘അമ്മ’ വേട്ടക്കാരനെ പിന്തുണയ്ക്കുന്നു എന്ന വികാരമാണ് ഡബ്ള്യുസിസിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.

മലയാള സിനിമാ മേഖലയിലെ വനിതകൾ ഒത്തുകൂടി രുപീകരിച്ച ഈ സംഘടന പിന്നീട് തുല്യതയ്ക്കും ലിംഗനീതിക്കും വേണ്ടി ശക്തമായിവാദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ കണ്ടത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയ്ക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ച അമ്മയിലെ പ്രമുഖർ പലരും പിന്നീട് ദിലീപ് പ്രതിപ്പട്ടികയിൽ വന്നതോടെ നിറം മാറുന്നത് കേരളം കണ്ടു.

അമ്മയെ സംബന്ധിച്ച് അവരുടെ ചിരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു സാമൂഹിക പ്രസക്തിയുള്ള ​ഗൗരവമായ വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അതിനാൽ തന്നെ നടിയെ ആക്രമിച്ച സംഘടനയുടെ ചരിത്രത്തിൽ അതുവരെ നേരിടാത്തഅഗ്നിപരീക്ഷണങ്ങളിലൂടെ അമ്മ നേതൃത്വത്തിന് കടന്ന് പോകേണ്ടി വന്നു.

മലയാള സിനിമാ മേഖലയിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള മുതിർന്ന നടന്മാർക്കടക്കം ഈ വിഷയത്തിൽ കൃത്യമായ നിലപാടില്ലായെന്ന് കൂടി ഈ ഘട്ടത്തിൽ കേരളം തിരിച്ചറിഞ്ഞു. പീഡനത്തിന് ഇരയായ അഭിനേത്രിയും ആരോപണവിധേയനായ നടനും ഒരുപേലെ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് പരിഹാസ്യമായ സന്ദേശം പോലും മുതിർന്ന അമ്മ അം​ഗങ്ങളിൽ ചിലർ തന്നെ മുന്നോട്ട് വന്നിരുന്നു.

ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് 13 മണിക്കൂറോളം ആദ്യമായി ചോദ്യം ചെയ്ത ദിവസം നടൻ സിദ്ദിഖിൻ്റെ പ്രകടനം ആർക്കാണ് മറക്കാൻ കഴിയുക.

മണിക്കൂറുകളോളം ഇവരെ ചോദ്യം ചെയ്യുകയാണെന്നും എന്തിനാണ് ഇതെന്നുമായിരുന്നു അന്ന് സിദ്ദിഖ് ധാർമ്മിക രോഷം കൊണ്ടത്.ആരോപണങ്ങൾ ശക്തമായ ഘട്ടത്തിലും ഇന്നസെന്റ്, ശ്രീനിവാസൻ, മുകേഷ് തുടങ്ങിയ താരനിര ദിലീപിനെ പൊതിഞ്ഞ് സംരക്ഷിക്കാനാണ് തയ്യാറായത്. ദിലീപ് ഇത്തരത്തിൽ മണ്ടത്തരങ്ങൾ ചെയ്യുന്ന ആളല്ല എന്നാണ് നടൻ ശ്രീനിവാസൻ അന്ന് പറഞ്ഞത്.

കേസിൽ ഗൂഢാലോചന ഉള്ളതായി തോന്നുന്നില്ല എന്ന് ഇന്നസെന്റും എന്തിനാണ് ഒരാളെ ഇങ്ങനെ കുറ്റവാളിയാക്കാൻ ശ്രമിക്കുന്നത് എന്ന് നടൻ സിദ്ദിഖും അഭിപ്രായപ്പെട്ടിരുന്നു. വിഷയം കൈവിട്ടുപോകുന്നു എന്നായപ്പോൾ താരസംഘടന വിളിച്ച വിശദീകരണ യോഗത്തിലും കണ്ടത് ദിലീപ് അനുകൂല സമീപനമാണ്. ഇരയ്‌ക്കൊപ്പം എന്നാൽ ദിലീപിനൊപ്പവും എന്ന സമീപനമാണ് മുകേഷ്, ഗണേഷ്‌കുമാർതുടങ്ങിയവർ സ്വീകരിച്ചത്.

ദിലീപിനെ ഒരിക്കലും തള്ളിപ്പറയില്ല എന്നും ഞങ്ങളുടെ അംഗങ്ങളെ നമ്മൾ സംരക്ഷിക്കുമെന്നും അന്ന് തറപ്പിച്ചുപറഞ്ഞത് കെ ബി ഗണേഷ്‌കുമാറാണ്. നടി അക്രമിക്കപ്പെട്ടപ്പോൾ പ്രതികരിച്ചതല്ലാതെ പിന്നീടൊരിക്കലും മോഹൻലാലും മമ്മൂട്ടിയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.

ആദ്യമായി ദിലീപ് ചോദ്യം ചെയ്യലിന് വിധേയനായതിന് പിന്നാലെ ചേർന്ന അമ്മ ജനറൽ ബോഡി തീരുമാനങ്ങൾ അറിയിക്കാൻ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മുകേഷ്, ​ഗണേഷ് തുടങ്ങിയവർ മാധ്യമ പ്രവർത്തകർക്ക് നേരെ ഉറഞ്ഞ്തുള്ളുമ്പോൾ വേദിയിൽ പേപ്പറിൽ തലതാഴ്ത്തിയിരുന്ന മോഹൻലാലിൻ്റെ ചിത്രം അന്നത്തെ അമ്മ നേതൃത്വത്തിൻ്റെ നിസ്സഹായതയുടെ നേർസാക്ഷ്യം കൂടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *