മേഖലയിൽ സംഘർഷം രൂക്ഷമായതോടെ, ഏപ്രിൽ 2-ന് ഒരു സൗഹൃദ രാജ്യം വഴി അമേരിക്ക 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശിച്ചു. കുവൈത്തിലെ ബുബിയാൻ ദ്വീപിലെ യുഎസ് സൈനിക ഡിപ്പോയ്ക്ക് നേരെയുണ്ടായ ആക്രമണമാണ് നയതന്ത്ര നീക്കങ്ങൾ വേഗത്തിലാക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്.
എന്നാൽ, ഈ നിർദ്ദേശത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒത്തുതീർപ്പിന് പകരം സൈനിക നടപടികളുമായി മുന്നോട്ട് പോകാനാണ് ഇറാന്റെ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ ട്രംപ് പലതവണ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതൊരു തന്ത്രമാണെന്ന് പറഞ്ഞ് ഇറാൻ തള്ളിക്കളഞ്ഞു. ഇന്ധനവില കുറയ്ക്കാനുള്ള ട്രംപിന്റെ നീക്കമാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. ഇറാന്റെ പ്രത്യാക്രമണം ഭയന്നാണ് ഹോർമുസ് തുറക്കാനുള്ള അന്ത്യശാസനത്തിൽ നിന്നും ആക്രമണത്തിൽ നിന്നും ട്രംപ് പിന്മാറിയതെന്ന് ഇറാൻ മാധ്യമങ്ങൾ പരിഹസിച്ചു.
വാഷിങ്ടണുമായി യാതൊരു ചർച്ചയ്ക്കുംതങ്ങൾ തയ്യാറല്ലെന്നും ഇറാൻ വ്യക്തമാക്കി.ഇറാനുമായി ചർച്ചകൾ നടന്നുവെന്നും അഞ്ച് ദിവസത്തേക്ക് ആക്രമണമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടിരുന്നു.
ശാശ്വത പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും, ഇത് വെറും തന്ത്രമാണെന്നും ഇറാന്റെ പ്രത്യാക്രമണം ഭയന്നുള്ള പിന്മാറ്റമാണെന്നുമാണ് ഇറാന്റെ നിലപാട്. വാഷിങ്ടണുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ ആവർത്തിക്കുന്നു.
