റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനു നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു. ആറ് കിലോ സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ തകർത്തതായും റഷ്യ അവകാശപ്പെടുന്നു. പുടിനെ വധിക്കാനുള്ള നീക്കമാണിതെന്ന് റഷ്യ ആരോപിക്കുമ്പോൾ, ഇത്തരം ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കിയിട്ടുണ്ട്. 

റഷ്യൻ പ്രസിഡന്റിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. യുദ്ധവും ശത്രുതയും അവസാനിപ്പിക്കാൻ നയതന്ത്രപരമായ നീക്കങ്ങളാണ് ആവശ്യമെന്നും സമാധാന ശ്രമങ്ങളെ തകർക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.

ആഗോള സമാധാനത്തിന് ചർച്ചകളാണ് ഏക പോംവഴിയെന്ന് അദ്ദേഹം ഈ സന്ദേശത്തിലൂടെ ഊന്നിപ്പറഞ്ഞു. ഡിസംബർ 29-ന് മോസ്കോയ്ക്കും സെന്റ് പീറ്റേഴ്‌സ്ബർഗിനും ഇടയിലുള്ള വ്ലാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ വൻതോതിൽ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചു.

പുടിന്റെ വസതി ലക്ഷ്യമാക്കി വന്ന 91 ഡ്രോണുകൾ തകർത്തതായാണ് റഷ്യൻ വെളിപ്പെടുത്തൽ. സമാധാന ചർച്ചകൾ നടക്കാനിരിക്കെ ഉണ്ടായ ഈ പ്രകോപനം യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളെ സങ്കീർണ്ണമാക്കിയേക്കാം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമാധാന ചർച്ചകളിൽ നിലപാട് മാറ്റുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി.

എന്നാൽ, റഷ്യയുടെ ആരോപണങ്ങൾ വെറും നുണയാണെന്ന് പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി ഇത് തള്ളി. ട്രംപ് ഭരണകൂടവുമായുള്ള നയതന്ത്ര നീക്കങ്ങളെ തകർക്കാനുള്ള റഷ്യൻ തന്ത്രമാണിതെന്ന് യുക്രെയ്ൻ ആരോപിക്കുന്നു.നയതന്ത്ര നീക്കങ്ങളെ തകർക്കാനുള്ള റഷ്യയുടെ നീക്കമാണിതെന്ന് വൊളോഡിമർ സെലെൻസ്‌കി വിമർശിച്ചു.

യുക്രെയ്‌നെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്താനും യുദ്ധം നീട്ടിക്കൊണ്ടുപോകാനും റഷ്യ കെട്ടിച്ചമച്ച കഥയാണിതെന്ന് അദ്ദേഹം ആരോപിച്ചു. കീവിൽ ഉൾപ്പെടെ റഷ്യൻ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സെലെൻസ്‌കി മുന്നറിയിപ്പ് നൽകി.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ തീവ്രമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പുടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് റഷ്യയുടെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. 

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് സെലെൻസ്‌കി അമേരിക്കൻ പ്രസിഡന്റുമായി ഉടൻ ചർച്ച നടത്തും.

റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്നും നാറ്റോയിൽ ചേരില്ലെന്ന് ഉറപ്പുനൽകണമെന്നുമുള്ള ട്രംപ് മുന്നോട്ടുവെക്കുന്ന സമാധാന കരാറിലെ വ്യവസ്ഥകൾ യുക്രെയ്ൻ തള്ളിക്കളയുകയാണ്. യുദ്ധം ഇപ്പോഴത്തെ അതിർത്തിയിൽ നിർത്തണമെന്ന റഷ്യയുടെ ആവശ്യത്തോടും യുക്രെയ്ന് വിയോജിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *