സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദ്ദേശം നൽകി. മൂന്നാറിൽ UV ഇൻഡക്സ് 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചു.
പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഈ സമയത്ത് അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.
പുറം ജോലിക്കാർ, മത്സ്യത്തൊഴിലാളികൾ, യാത്രക്കാർ, ചർമ്മ-നേത്ര രോഗങ്ങളുള്ളവർ എന്നിവർ വെയിൽ ഏൽക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. പകൽ പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം പൂർണ്ണമായി മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലകളിലും തെളിഞ്ഞ ആകാശമുള്ളപ്പോഴും UV സൂചിക ഉയരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ഇടവേളകളിൽ തണലിൽ വിശ്രമിക്കുക. ജലാശയം, മണൽ എന്നിവ സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്നത് വഴിയും ആഘാതം വർദ്ധിക്കാം.
