2003-04 ബ്രിസ്‌ബേൻ ടെസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കറെ തെറ്റായി പുറത്താക്കിയെന്ന് 22 വർഷത്തിന് ശേഷം അമ്പയർ സ്റ്റീവ് ബക്നർ സമ്മതിച്ചു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അമ്പയേഴ്സ് അസോസിയേഷനോട് സംസാരിക്കവെയാണ് 79-കാരനായ ബക്നർ തന്റെ വിവാദ തീരുമാനം പിഴവായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
സച്ചിനെ അന്ന് ഔട്ട് വിളിച്ചത് തെറ്റായിരുന്നുവെന്നും ജീവിതത്തിൽ പിഴവുകൾ സംഭവിക്കാമെന്നും” സ്റ്റീവ് ബക്നർ സമ്മതിച്ചു. ഇന്നും ചർച്ച ചെയ്യപ്പെടുന്ന ആ വിവാദ തീരുമാനത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
2003-ൽ ഗാബയിൽ നടന്ന ഒന്നാം ടെസ്റ്റിനിടെയായിരുന്നു ആ വിവാദ നിമിഷം. ഓസ്ട്രേലിയൻ പേസർ ജേസൺ ഗില്ലസ്പി എറിഞ്ഞ ഗുഡ് ലെങ്ത് പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്ത് സച്ചിന്റെ തൈ പാഡിൽ തട്ടുകയായിരുന്നു. പന്ത് ലീവ് ചെയ്യാൻ ശ്രമിച്ച സച്ചിനെ സ്റ്റീവ് ബക്നർ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെന്ന് വിധിച്ച് ഔട്ട് നൽകി.
ഓസീസ് താരങ്ങളുടെ അപ്പീലിന് പിന്നാലെ, പന്ത് സ്റ്റമ്പിന് മുകളിലൂടെ പോകുമെന്ന് വ്യക്തമായിട്ടും ബക്നർ ഔട്ട് വിധിച്ചു. ടോണി ഗ്രേഗ് ഇതിനെ ‘ഭയാനകമായ തീരുമാനം’ എന്ന് വിശേഷിപ്പിച്ചു. റീപ്ലേകളിൽ അമ്പയറുടെ പിഴവ് ലോകം കണ്ടതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.
