മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ശക്തമായതോടെ, ഇസ്രയേലിന്റെ ‘എയർഫോഴ്സ് വൺ’ എന്നറിയപ്പെടുന്ന ‘വിങ് ഓഫ് സയോൺ’ വിമാനം സുരക്ഷാ കാരണങ്ങളാൽ ജർമനിയിലേക്ക് മാറ്റി. ഇസ്രയേലിൽ നിന്ന് പുറപ്പെട്ട് മണിക്കൂറുകളോളം മെഡിറ്ററേനിയൻ കടലിന് മുകളിൽ വട്ടമിട്ടു പറന്ന ശേഷമാണ് വിമാനം ബെർലിനിൽ ഇറങ്ങിയതെന്ന് ജർമൻ ഭരണകൂടം സ്ഥിരീകരിച്ചു.

വിമാനത്തിന്റെ ഈ അപ്രതീക്ഷിത നീക്കം വലിയ ദുരൂഹതകൾക്കും അഭ്യൂഹങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്.വിമാനം ജർമനിയിലെത്തിയതോടെ നെതന്യാഹുവും കുടുംബവും വിദേശത്തേക്ക് കടന്നെന്ന അഭ്യൂഹങ്ങൾ ശക്തമായി.

ഇറാൻ ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലായി വിമാനം മാറ്റിയതാണെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, നെതന്യാഹു മുൻപ് ഗ്രീസിലേക്ക് മാറിയ സാഹചര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്.

വിമാനത്തിൽ പ്രധാനമന്ത്രി ഉണ്ടോ എന്ന കാര്യത്തിൽ ഇസ്രയേൽ ഇതുവരെ വ്യക്തമായ സ്ഥിരീകരണം നൽകിയിട്ടില്ല.

ഇസ്രയേൽ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഔദ്യോഗിക യാത്രകൾക്കായി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വിമാനമാണ് ‘വിങ് ഓഫ് സയോൺ’.

അമേരിക്കൻ പ്രസിഡന്റിന്റെ ‘എയർഫോഴ്സ് വണ്ണിന്’ സമാനമായി ഇസ്രയേൽ സജ്ജമാക്കിയ അത്യാധുനിക വിമാനമാണ് ‘വിങ് ഓഫ് സയോൺ’. പ്രധാനമന്ത്രിക്കും പ്രസിഡന്റിനും സുരക്ഷിതമായി വിദേശയാത്രകൾ നടത്തുന്നതിനായി മിസൈൽ പ്രതിരോധ സംവിധാനങ്ങളും അത്യാധുനിക ആശയവിനിമയ സൗകര്യങ്ങളും ഈ വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *