ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇറാന്റെ ആണവ പദ്ധതികൾ അമേരിക്ക തള്ളിയത് സാങ്കേതിക വശങ്ങൾ മനസ്സിലാക്കാത്തതിനാലാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകിയിട്ടും യുഎസ് അത് നിരസിച്ചുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
എണ്ണവില വർധന അമേരിക്കയ്ക്ക് ലാഭമുണ്ടാക്കുമെന്ന വാദത്തെയും അദ്ദേഹം തള്ളി.എണ്ണവിലയും താരിഫും കൂട്ടുന്നത് സാധാരണക്കാരെ തകർക്കുമെന്നും കോർപ്പറേറ്റുകളെ മാത്രമേ സഹായിക്കൂ എന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
എന്നാൽ, ലോകത്തെ വലിയ എണ്ണ ഉൽപാദകരായ അമേരിക്കയ്ക്ക് വിലക്കയറ്റം ലാഭകരമാണെങ്കിലും, ഇറാന്റെ ആണവായുധ മോഹം തടയുന്നതിനാണ് മുൻഗണനയെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, അമേരിക്കയുടെ സൈനിക വിജയവാദം ഇറാൻ തള്ളി. ട്വീറ്റുകൾ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്ന് അലി ലാരിജാനി മുന്നറിയിപ്പ് നൽകിയപ്പോൾ, ഇറാനെ മറികടന്ന് തങ്ങളുടെ സൈന്യം അതിവേഗം മുന്നേറുകയാണെന്ന് ട്രംപ് തിരിച്ചടിച്ചു.
