മധ്യേഷ്യയിലെ യുദ്ധത്തെത്തുടർന്ന് എണ്ണവില ബാരലിന് 100 ഡോളർ കടന്നതോടെ, കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ വിവിധ രാജ്യങ്ങൾക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചു. ഇന്ത്യയ്ക്ക് നേരത്തെ തന്നെ ഇളവ് നൽകിയിരുന്നു.
ആഗോള വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്താണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സുപ്രധാന നീക്കം.യുദ്ധം മൂലം ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതോടെയാണ് ട്രംപ് രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ചത്. ഏപ്രിൽ 11 വരെ റഷ്യൻ എണ്ണ വാങ്ങാൻ അനുമതിയുണ്ട്.
വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന 125 ദശലക്ഷം ബാരൽ എണ്ണ വിപണിയിലെത്തുന്നതോടെ ആഗോള എണ്ണപ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് താൽക്കാലികമാണെന്നും അവർക്ക് സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.
ഇന്ധനക്ഷാമം പരിഹരിക്കാൻ 172 ബില്യൺ ബാരൽ ക്രൂഡോയിൽ പുറത്തുവിടുമെന്ന് യുഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഇറാനുമായുള്ള സംഘർഷം മൂലം നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
