റഷ്യൻ എണ്ണ ഇടപാടിന്റെ പേരിൽ ഇന്ത്യയെ അമേരിക്ക വേട്ടയാടിയെന്നും എന്നാൽ ഇപ്പോൾ അതേ എണ്ണയ്ക്കായി അമേരിക്ക ലോകരാജ്യങ്ങൾക്ക് മുന്നിൽ കെഞ്ചുകയാണെന്നും ഇറാൻ വിദേശകാര്യമന്ത്രി പരിഹസിച്ചു. യൂറോപ്പിന്റെ നിലപാടുകളെയും അദ്ദേഹം വിമർശിച്ചു. അതേസമയം, അബുദാബിയിലെ ആക്രമണ ദൃശ്യങ്ങൾ പകർത്തിയ 45 പേരെ അധികൃതർ അറസ്റ്റ് ചെയ്തു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തിന് ഇറാൻ അനുമതി നൽകിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി. സുഹൃദ് രാജ്യമെന്ന പരിഗണനയിൽ ‘ശിവാലിക്’, ‘നന്ദ ദേവി’ എന്നീ എൽപിജി ടാങ്കറുകൾക്കാണ് ഇറാൻ വഴിതുറന്നത്.
കൊച്ചിയിലുണ്ടായിരുന്ന ഇറാൻ നാവികരെ തുർക്കിയുടെ ചാർട്ടേഡ് വിമാനത്തിൽ അർമേനിയയിൽ എത്തിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇറാൻ ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി വിനാശകാരികളായ സൂയിസൈഡ് നേവൽ ഡ്രോണുകളുടെ വൻശേഖരം ഇറാൻ പുറത്തിറക്കി. ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട ഇറാൻ, നൂറുകണക്കിന് ഡ്രോൺ ബോട്ടുകളെ തന്ത്രപ്രധാനമായ കടൽപ്പാതകളിൽ വിന്യസിച്ചിട്ടുണ്ട്. അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് കടലിനടിയിലൂടെ സഞ്ചരിക്കുന്ന ഇത്തരം ഡ്രോണുകൾ ആദ്യമായി യുദ്ധമുഖത്ത് എത്തുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നു.
