കൊച്ചി തുറമുഖത്തെത്തിയ ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലാവനിലെ 107 നാവികരും 33 സാധാരണക്കാരും അർമേനിയയിലേക്ക് മടങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടർ വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. കപ്പൽ കൊച്ചിയിൽ തുടരുമ്പോൾ നാവികർ മാത്രം മടങ്ങിയത് ശ്രദ്ധേയമായി.

ഇന്ത്യൻ നേവിയുടെ സഹായത്തോടെയാണ് ഇറാനിയൻ സംഘം വിമാനത്താവളത്തിലെത്തിയത്. കൊളംബോയിൽ നിന്നെത്തിയ പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി ഏഴോടെ ഇവർ അർമേനിയയിലേക്ക് തിരിച്ചു. ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണ ഭീഷണി നിലനിന്ന സാഹചര്യത്തിൽ കഴിഞ്ഞ നാലിനാണ് ഐആർഐഎസ് ലാവൻ പടക്കപ്പൽ കൊച്ചിയിലെത്തിയത്.

അമേരിക്കൻ ആക്രമണ ഭീഷണിയെത്തുടർന്ന് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് ഇറാനിയൻ പടക്കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പലിലുണ്ടായിരുന്ന നാവികർക്ക് പുറമെ ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയ ഇറാൻ പൗരന്മാരും ഈ സംഘത്തിലുണ്ടായിരുന്നു. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് ഇവരെ ഇപ്പോൾ അർമേനിയയിലേക്ക് മാറ്റിയത്.

ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസത്തിലും പങ്കെടുക്കാനെത്തിയ ഇറാനിയൻ കപ്പലുകളിൽ ഒന്നാണ് ലാവൻ. അന്താരാഷ്ട്ര നാവിക സഹകരണത്തിന്റെ ഭാഗമായാണ് ഈ പടക്കപ്പൽ ഇന്ത്യയിലെത്തിയത്.

എന്നാൽ മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സുരക്ഷ മുൻനിർത്തിയാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്.ഐആർഐഎസ് ലാവനൊപ്പം ബുഷേർ, ദേന എന്നീ കപ്പലുകൾക്കും ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ ഇറാൻ അനുമതി തേടിയിരുന്നു.

ഇതിൽ ബുഷേർ ശ്രീലങ്കൻ തീരത്ത് സുരക്ഷിതമായി അടുപ്പിച്ചെങ്കിലും, ഐആർഐഎസ് ദേനയെ യുഎസ് അന്തർവാഹിനി ടോർപിഡോ ആക്രമണത്തിലൂടെ തകർത്തു. ലാവൻ കൊച്ചിയിലെത്തിയ അതേ ദിവസമാണ് ശ്രീലങ്കയ്ക്ക് സമീപം വെച്ച് ദേന മുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *