യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിന് മറുപടിയായി പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. ചർച്ചകൾക്ക് തയ്യാറാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കൊറിയൻ ഉപദ്വീപിൽ പ്രകോപനം ശക്തമാക്കി ഉത്തര കൊറിയ മിസൈലുകൾ വിക്ഷേപിച്ചത്. ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഉത്തരകൊറിയ വിക്ഷേപിച്ച മിസൈലുകൾ ജപ്പാൻ്റെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് കടലിൽ പതിച്ചു. 80 കിലോമീറ്റർ ഉയരത്തിൽ 340 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലുകൾ ജപ്പാൻ തീരസംരക്ഷണ സേനയാണ് സ്ഥിരീകരിച്ചത്.

നിലവിൽ കപ്പലുകൾക്കോ വിമാനങ്ങൾക്കോ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.പ്യോങ്‌യാങ്ങിന് സമീപത്തുനിന്ന് ഉച്ചയ്ക്ക് 1.20-ഓടെയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷിച്ചത്. ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണമാണിതെന്ന് ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരിച്ചു.

വിക്ഷേപിച്ച മിസൈലുകൾ ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്തെ കടലിലാണ് പതിച്ചതെന്ന് യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസത്തെ അധിനിവേശ നീക്കമായി കാണുന്ന ഉത്തര കൊറിയ, അത്യാധുനിക മിസൈലുകൾ പരീക്ഷിച്ചാണ് ഇതിനോട് പ്രതികരിക്കുന്നത്.

ആയുധ പരീക്ഷണങ്ങൾ മൂലം 2006 മുതൽ യു.എൻ ഉപരോധം നേരിടുമ്പോഴും പ്യോങ്‌യാങ് പിൻവാങ്ങിയിട്ടില്ല.

ഇതിനിടെ, ഡൊണാൾഡ് ട്രംപ് ചർച്ചകൾക്ക് താൽപ്പര്യം പ്രകടിപ്പിച്ചതായി ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി കിം മിൻ സിയോക്ക് വെളിപ്പെടുത്തിയത് കൊറിയൻ ഉപദ്വീപിൽ പുതിയ നയതന്ത്ര സാധ്യതകൾക്ക് വഴിതുറക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *