വനിതാ സംവരണ ബില്ലിനെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. രാഷ്ട്രീയ ലാഭത്തിനായി വനിതകളെ കരുവാക്കുകയാണെന്നും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

മണ്ഡലപുനർനിർണയ ബില്ലിലെ നീക്കങ്ങൾക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു.സ്ത്രീകളാണ് രാജ്യത്തിന്റെ കരുത്തെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, നിലവിലെ ബിൽ സ്ത്രീ ശാക്തീകരണത്തിനല്ല മറിച്ച് രാഷ്ട്രീയ നേട്ടത്തിനാണെന്ന് വിമർശിച്ചു.

2023-ലെ ബിൽ നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയ സർക്കാർ, തിരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഈ നീക്കം ദേശവിരുദ്ധമാണെന്നും അതിനാൽ ശക്തമായി എതിർക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പുതിയ ഭേദഗതികൾ ദളിത്, പിന്നോക്ക വിഭാഗങ്ങളുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്നും രാജ്യത്തിന് നേരെയുള്ള ഈ ആക്രമണത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയമാണെന്നും അതിനാൽ അസമിലും കാശ്മീരിലും ചെയ്തതുപോലെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. “ജാലവിദ്യക്കാരൻ പിടിക്കപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞ അദ്ദേഹം, നോട്ടുനിരോധനവും ബാലാക്കോട്ടും ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ചു.

ഈ ബില്ലിലൂടെയുള്ള രാഷ്ട്രീയ കളി നടപ്പിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വനിതാ സംവരണ ബില്ലിനെച്ചൊല്ലിയുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയിൽ വലിയ ബഹളത്തിന് വഴിവച്ചു.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസ്സപ്പെടുകയും സഭ കലുഷിതമാകുകയും ചെയ്തു. വേഗത്തിൽ തന്നെ സഭ അലങ്കോലപ്പെടുന്ന സ്ഥിതിയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *