ഇറാനുമായുള്ള വെടിനിർത്തൽ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങളെത്തുടർന്നാണ് തീരുമാനമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധം തുടരും.
സമാധാന ചർച്ചകൾക്കായി പാകിസ്താൻ ശ്രമം തുടരുമ്പോൾ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അമേരിക്കയുടെ നാവിക ഉപരോധം വെടിനിർത്തൽ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.
ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വരാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ.
താത്കാലിക വെടിനിർത്തൽ ഇന്ന് അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ട്രംപ് കാലാവധി നീട്ടിയത്. ഇസ്ലാമാബാദ് ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയതോടെ ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
വെടിനിർത്തൽ കാലയളവിൽ സൈനിക സജ്ജീകരണങ്ങൾ അമേരിക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും തന്റെ ഉത്തരവ് ലഭിച്ചാൽ ഉടൻ ആക്രമണം തുടങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
