ഇറാൻ തീരത്ത് വീണ്ടും സംഘർഷം പുകയുന്നു. മേഖലയിലൂടെ കടന്നുപോയ ചരക്കുകപ്പലിന് നേരെയാണ് പുതിയ ആക്രമണം ഉണ്ടായത്. സ്വന്തം കപ്പൽ പിടിച്ചെടുത്ത നടപടിയിൽ അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് ഇറാൻ ഇപ്പോൾ ഐക്യരാഷ്ട്രസഭയെ സമീപിച്ചിരിക്കുകയാണ്കപ്പൽ പിടിച്ചെടുത്തതിനെ ശക്തമായി അപലപിക്കണമെന്നും, അത് ഉടനടി വിട്ടുകിട്ടാൻ നടപടി വേണമെന്നുമാണ് യു എന്നിന് നൽകിയ കത്തിൽ ഇറാൻ ആവശ്യപ്പെടുന്നത്.
സമുദ്രപാതയിലെ സുരക്ഷാ ഭീഷണി വർധിക്കുന്നത് ആഗോള ചരക്കുനീക്കത്തെബാധിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ യു എൻ സ്വീകരിക്കുന്ന നിലപാട് ഈ വിഷയത്തിൽ നിർണ്ണായകമാകും.ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) നടത്തിയ വെടിവെപ്പ് മേഖലയിൽ വലിയ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്.
ഒമാൻ തീരത്തിന് സമീപം വച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഗൺബോട്ടുകൾ കപ്പലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ കപ്പലിന്റെ കമാൻഡ് സെന്ററിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അമേരിക്കൻ ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുക്കുന്നത്. ഈ ഭീഷണി നിലനിൽക്കെ തന്നെ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്നത് കപ്പൽ ഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണം ഇതിനോടകം തന്നെ വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾ തടയുകയും വെടിയുതിർക്കുകയും ചെയ്ത ഇറാന്റെ നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ഏറുന്നുണ്ടെങ്കിലും, ഉപരോധം നീക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ. ഇത് പശ്ചിമേഷ്യൻ കടൽത്തീരങ്ങളിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.
