1952-ലെ ആദ്യ തിരഞ്ഞെടുപ്പിൽ 54.75% പോളിംഗ് രേഖപ്പെടുത്തിയ മദ്രാസിൽ, 1957-ൽ അത് 46.56 ശതമാനമായി കുറഞ്ഞു. എന്നാൽ 1967-ൽ പോളിംഗ് 76.57 ശതമാനമായി കുതിച്ചുയർന്നു. തമിഴ് രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ച ഈ തിരഞ്ഞെടുപ്പിലൂടെയാണ് ദേശീയ പാർട്ടികളെ പിന്തള്ളി ഡി.എം.കെ. ആദ്യമായി അധികാരത്തിലെത്തിയത്.
പോളിംഗിലെ ഈ വൻ വർധനവ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിജയത്തിനും പ്രാദേശിക കക്ഷികളുടെ മുന്നേറ്റത്തിനും വഴിതെളിച്ചു.തമിഴ്‌നാട്ടിൽ ഏറ്റവും ഉയർന്ന പോളിങ് (78.29%) രേഖപ്പെടുത്തിയത് 2011-ലാണ്.
അന്ന് സ്ത്രീ വോട്ടർമാരുടെ സജീവ പങ്കാളിത്തവും ഭരണവിരുദ്ധ തരംഗവും ജയലളിതയെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റുന്നതിൽ നിർണ്ണായകമായി. ഉയർന്ന പോളിങ് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന വാദത്തെ ശരിവെക്കുന്നതായിരുന്നു ആ ഫലം.
ഇത്തവണയും വോട്ടിങ് ശതമാനത്തിലെ വർധനവ് അത്തരമൊരുമാറ്റത്തിലേക്കാണോ വിരൽചൂണ്ടുന്നത് എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
ഉയർന്ന പോളിങ്ങും വനിതാ വോട്ടർമാരുടെ വർധനവും തമിഴ് രാഷ്ട്രീയത്തിൽ എപ്പോഴും ഭരണമാറ്റത്തിന്റെ സൂചനയാണ്. 2011-ൽ ജയലളിതയെ ഭരണത്തിലേറ്റിയതും ഇതേ തരംഗമായിരുന്നു. ഇത്തവണയും പോളിങ് ശതമാനത്തിൽ സമാനമായ കുതിപ്പ് ദൃശ്യമാകുമ്പോൾ, ചരിത്രം ആവർത്തിക്കപ്പെടുമോ എന്ന ചർച്ചകൾക്ക് അത് വീണ്ടും വഴിതുറക്കുന്നു.
വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഈ ആവേശം മാറ്റത്തിന്റെ കാറ്റാണോ എന്ന് രാഷ്ട്രീയ നിരീക്ഷകർഉറ്റുനോക്കുന്നു.തമിഴ്‌നാട്ടിൽ ഇത്തവണ രേഖപ്പെടുത്തിയത് 85.15 ശതമാനം എന്ന സർവകാല റെക്കോർഡ് പോളിങ്ങാണ്.
ആകെ 5.73 കോടി വോട്ടർമാരിൽ പുരുഷന്മാരെക്കാൾ 10 ലക്ഷം കൂടുതലാണ് വനിതകൾ (2.93 കോടി). വോട്ടെടുപ്പിൽ പുരുഷന്മാരെ അപേക്ഷിച്ച് ഒരു ശതമാനം അധികം പങ്കാളിത്തം സ്ത്രീകൾ ഉറപ്പാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.
ചരിത്രപരമായ ഈ വനിതാ മുന്നേറ്റം സംസ്ഥാനത്ത് ശക്തമായൊരു ഭരണമാറ്റത്തിന്റെ സൂചനയാണോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളവും തമിഴ്നാടും.
