ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ നൽകിയ നിർദ്ദേശത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. സമാധാന ചർച്ചകളിൽ ഇറാന്റെ ആണവ പദ്ധതിയേക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ലാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ആണവ വിഷയം മാറ്റിനിർത്തിയുള്ള ഒരു ഉടമ്പടിയും അംഗീകരിക്കില്ലെന്ന നിലപാടിലാണ് വാഷിംഗ്ടൺ. മാസങ്ങളായി തുടരുന്ന ഉപരോധവും കടലിടുക്കിലെ സ്തംഭനാവസ്ഥയും ഇതോടെ കൂടുതൽ സങ്കീർണ്ണമാകുകയാണ്.ഹോർമുസ് ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട ഇറാന്റെ നിർദ്ദേശം ചർച്ച ചെയ്യാൻ ട്രംപ് ദേശീയ സുരക്ഷാ യോഗം വിളിച്ചു.

എന്നാൽ, യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കയുടെ പ്രധാന ആവശ്യം ഇറാൻ തള്ളിയതോടെ ചർച്ചകൾ വഴിമുട്ടി. പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇറാൻ വിദേശകാര്യ മന്ത്രി കൈമാറിയ സമാധാന പദ്ധതിയിൽ ആണവ വിഷയങ്ങളേക്കാൾ വെടിനിർത്തലിനാണ് മുൻഗണന നൽകിയിരിക്കുന്നത്. വിയോജിപ്പുകൾ നിലനിൽക്കുന്നതിനാൽ നയതന്ത്ര നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിലായി.

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടുന്നു. യുദ്ധം അവസാനിപ്പിച്ച ശേഷം മാത്രമേ ആണവ വിഷയങ്ങൾ ചർച്ച ചെയ്യൂ എന്ന ഇറാന്റെ നിലപാട് ട്രംപ് തള്ളി. ഇതിനിടെ, റഷ്യൻ പിന്തുണ തേടി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി.

അമേരിക്കയുടെ ആവശ്യങ്ങൾ നടക്കാത്തതിനാലാണ് അവർ ഇപ്പോൾ ചർച്ചയ്ക്ക് തയ്യാറാകുന്നതെന്ന് അരാഗ്ചി പരിഹസിച്ചു.ഹോർമുസ് കടലിടുക്കിലെ സ്തംഭനാവസ്ഥ ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചു. പ്രതിദിനം 140 കപ്പലുകൾ സഞ്ചരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏഴെണ്ണം മാത്രമാണ് കടന്നുപോകുന്നത്.

ഈ പ്രതിസന്ധി മൂലം പണപ്പെരുപ്പം വർദ്ധിക്കുന്നത് ട്രംപിനും, എണ്ണ വരുമാനം നിലച്ചത് ഇറാനും വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *