കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ, കേസിന്റെ ഭാഗമായി മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനാണ് ഇഡിയുടെ നിലവിലെ നീക്കം. ഇതിനായി വരും ദിവസങ്ങളിൽ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി ഔദ്യോഗിക റിപ്പോർട്ട് നൽകും.
അടുത്തിടെ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത വീണയുടെ ഫോൺ, നിക്ഷേപ രസീതുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ വിശദമായ പരിശോധന പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിന് മുന്നോടിയായി വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.
സിഎംആർഎൽ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ, ഇഡി ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം പഴുതടച്ചതും വേഗത്തിലുള്ളതുമായ അന്വേഷണത്തിനാണ് നിർദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വീണയ്ക്ക് ചോദ്യം ചെയ്യലിനായി സമൻസ് അയക്കുമെന്നാണ് സൂചന.

