ജയ്പുർ: കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ ഫസ്റ്റ്’ നയവും ശക്തമായ നയതന്ത്ര ഇടപെടലുകളും കാരണമാണ് ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും ഇന്ത്യയെ സുരക്ഷിതമായി നയിക്കാൻ സാധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ പെട്രോളിന്റെയോ ഡീസലിന്റെയോ യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകാതെ നോക്കാൻ ഈ നയങ്ങൾക്ക് സാധിച്ചു. രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തടസ്സമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായും രാജസ്ഥാനിൽ നടന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.ലോകമെമ്പാടും ഡീസൽ വിലയിൽ 40 ശതമാനത്തോളം വർദ്ധനവുണ്ടായെങ്കിലും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പെട്രോൾ പ്രതിസന്ധിയെക്കുറിച്ച് പലതരത്തിലുള്ള കിംവദന്തികൾ പരന്നിരുന്നെങ്കിലും അവയൊന്നും ജനങ്ങളെ ബാധിച്ചില്ല. നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തതിലൂടെ രാജ്യതാൽപ്പര്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. ആഭ്യന്തര ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പംതന്നെ സംസ്കരിച്ച ഇന്ധനം കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചതായി അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലെ വിലക്കയറ്റം അനുസരിച്ച് എൽപിജി നിരക്ക് 2000 രൂപ വരെ ഉയരാമായിരുന്നുവെന്നും എന്നാൽ സർക്കാർ ഇടപെടലിലൂടെ 950 രൂപയ്ക്കാണ് സിലിണ്ടറുകൾ വിതരണം ചെയ്തതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഉജ്ജ്വല യോജന വഴി ദരിദ്രർക്ക് സിലിണ്ടറുകൾ ലഭ്യമാക്കിയത് സാധാരണക്കാരുടെ ഭാരം കുറച്ചു.
രാജസ്ഥാനിലെ റിഫൈനറി പദ്ധതി യുവാക്കൾക്ക് വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചതായും, ഏകദേശം 54,000 യുവാക്കൾക്ക് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവുകൾ നൽകിയതായും അദ്ദേഹം പ്രഖ്യാപിച്ചു. ഭാരതീയ ജനതാ പാർട്ടി നൽകുന്ന വാഗ്ദാനങ്ങൾ എപ്പോഴും പാലിക്കപ്പെടുമെന്നും കൃത്യമായ ആസൂത്രണത്തിലൂടെയാണ് രാജ്യം പ്രതിസന്ധികളെ മറികടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

