വാഷിംഗ്ടൺ: 2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന വൻതോതിൽ വിവരങ്ങൾ ചോർത്തിയെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ലംഘനത്തിലൂടെ ചൈന നിയമവിരുദ്ധമായി 22 കോടി അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങൾ കൈക്കലാക്കിയെന്നും, ജോ ബൈഡനോട് താൻ പരാജയപ്പെടാൻ കാരണം ഇതാണെന്നുമാണ് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് ആരോപിച്ചത്.

നിലവിലെ വോട്ടിങ് സംവിധാനം ഹാക്കിങ്ങിന് സാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വോട്ടർമാരുടെ പൗരത്വ തെളിവ് നിർബന്ധമാക്കുന്ന ‘സേവ് ആക്ട്’ (SAVE Act) നിയമമാക്കണമെന്നും ആവശ്യപ്പെട്ടു.എന്നാൽ, ട്രംപിന്റെ ആരോപണങ്ങൾ വാഷിങ്ടണിലെ ചൈനീസ് എംബസി പൂർണ്ണമായും നിഷേധിച്ചു.

തങ്ങൾ മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും യുഎസ് തിരഞ്ഞെടുപ്പ് അവരുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി. 2020-ലെ തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് ട്രംപ് നൽകിയ 60-ഓളം കേസുകളിൽ ഒന്നുപോലും കോടതിയിൽ തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും, വോട്ടെണ്ണൽ പരിശോധനകളിൽ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ചൈന ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *