യു.എസ്. സ്റ്റേറ്റായ ന്യൂ മെക്സിക്കോയുടെ പേരിൽനിന്ന് ‘മെക്സിക്കോ’ എന്ന വാക്ക് വെട്ടി ‘അമേരിക്ക’ എന്ന് മാറ്റി ‘ന്യൂ അമേരിക്ക’ എന്നാക്കാൻ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ എഐ വീഡിയോ പങ്കുവെച്ചു. മുൻപ് ലേക്ക് ഒന്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ എന്നും ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നും മാറ്റി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ നീക്കം.
എന്നാൽ കേവലം എക്സിക്യൂട്ടീവ് ഉത്തരവ് വഴി മാത്രം ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാൻ ട്രംപിന് ഭരണഘടനാപരമായി കഴിയില്ലെന്നിരിക്കെ, ട്രംപിൻ്റെ നീക്കത്തിനെതിരെ ന്യൂ മെക്സിക്കോ ഗവർണർ മിഷേൽ ലുജാൻ ഗ്രിഷാം ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു. രാജ്യം രൂപീകൃതമാകുന്നതിനും മുൻപേ നിലവിലുള്ള പേര് മാറ്റാൻ അനുവദിക്കില്ലെന്നും, ഇറാൻ യുദ്ധവും കുതിച്ചുയരുന്ന ഇന്ധനവിലയും നേരിടുന്നതിൽ നിന്നുള്ള ശ്രദ്ധതിരിക്കലാണ് ഈ നടപടിയെന്നും ഗവർണർ കുറ്റപ്പെടുത്തി.

