കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും യുഎസ് ഭൂപടത്തിൽ ഉൾപ്പെടുത്തി പങ്കുവെച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ച ഈ എഐ നിർമിത ചിത്രത്തിൽ, അയൽരാജ്യങ്ങളുടെ ഭൂപ്രദേശങ്ങൾക്ക് മുകളിലായി അമേരിക്കൻ പതാക പതിപ്പിച്ച നിലയിലാണ് കാണിച്ചിരിക്കുന്നത്.
പോസ്റ്റിനൊപ്പം ഔദ്യോഗിക കുറിപ്പുകളോ വൈറ്റ് ഹൗസിന്റെ വിശദീകരണങ്ങളോ ലഭ്യമല്ലെങ്കിലും, വിദേശരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും തന്ത്രപരമായ താൽപ്പര്യങ്ങൾ ഉന്നയിക്കാനും ട്രംപ് ഉപയോഗിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് നയതന്ത്ര വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. മുൻപ് ലെക് ഒന്റാറിയോയെ ‘ലേക്ക് അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്തതും കാനഡയെ 51-ാമത് സംസ്ഥാനമാക്കുമെന്ന പ്രസ്താവനകളും നിലനിൽക്കെ പുറത്തുവന്ന ഈ പുതിയ ഭൂപടം, അയൽരാജ്യങ്ങൾക്കിടയിലും അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധത്തിനും ഭൗമരാഷ്ട്രീയ ആശങ്കകൾക്കും കാരണമായിട്ടുണ്ട്

